ഒരു പതിറ്റാണ്ടിന് ശേഷം ഉയർന്ന ജലനിരപ്പ്
മഴ ശക്തി പ്രാപിച്ചാൽ അതിവേഗം 142 അടിയിൽ എത്തും

കുമളി: കാലവർഷം ശക്തി പ്രാപിച്ചതോടെ ഒരു പതിറ്റാണ്ടിന് ശേഷം മുല്ലപ്പെരിയാറിൽ ജലനിരപ്പ് 134 ആടിയായി ഉയർന്നു.കഴിഞ്ഞ വർഷം ഇതേ സമയം 112.35 അടിയായിരുന്നു ജലനിരപ്പ്. സാധാരണ ഗതിയിൽ ഒക്ടോബർ ,നവംബർ, മാസങ്ങളിലാണ് മുല്ലപ്പെരിയാർ ജലനിരപ്പ് ഉയരുക. ന്യൂനമർദ്ദം രൂപപ്പെട്ടതും മഴ ലഭിച്ചതും അണക്കെട്ടിലെ ജലനിരപ്പ് ഉയരാൻ കാരണമായി.
മഴ തുടർന്നാൽ സുപ്രീകോടതി ഉത്തരവ് അനുസരിച്ച് ഉയർത്താവുന്ന 142 അടിയിൽ എത്തും. അണക്കെട്ടിൽ നിന്നും തമിഴ്‌നാട് 1400 ഘന അടി ജലമാണ് കൊണ്ട് പൊകുന്നത്. വൈഗൈ അണക്കെട്ടിന്റെ സംഭരണ ശേഷിയായ 71 അടിയിൽ 68.2 അടി നിറഞ്ഞു .മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം കാലവർഷത്തിൽ ഉയർന്നതിനാൽ തമിഴ്‌നാട്ടിലെ തേനി, മധുര, ദിണ്ഡുക്കൽ, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകളിൽ രണ്ട് തവണ നെൽകൃഷി ചെയ്യാൻ സാധിക്കും. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നിന്നും നീരൊഴുക്ക് കൂടുതലുള്ളതിനാൽ വരും ദിവസങ്ങളിൽ മഴ ശക്തിപ്പെട്ടൽ ജലനിരപ്പ് 142 അടിയിൽ എത്തും.നീരൊഴുക്കിന് അനുസരിച്ച് തമിഴ്‌നാട് വെള്ളം കൊണ്ട് പോകുന്നുണ്ട്. വൈഗൈ അണക്കെട്ടിൽ നിന്നും കൃഷിക്കാവശ്യമായ ജലം തുറന്ന് വിടുന്നുണ്ട്.