ചെറുതോണി:റോഡ് നിർമ്മാണത്തിനിടെ സംഭവിച്ച അശ്രദ്ധ മൂലം മഴ വെള്ളം വഴി മാറിയൊഴുകി സമീപത്തെ വീടുകൾക്ക് നാശനഷ്ടം . ചെറുതോണി പോസ്റ്റ് ഓഫീസ് കോളനിയിലെ താമസക്കാരായ ജയകുമാരി തടി പ്ലാക്കൽ, ജബ്ബാർ ആറ്റു പുറത്ത്, രതീഷ് വെള്ളാ പള്ളി, രത്‌നകുമാർ വെള്ളാപള്ളി എന്നിവരുടെ വീടുകളിലേക്കാണ് കഴിഞ്ഞ രാത്രിയിൽ മണ്ണും കല്ലും ചേർന്ന വെള്ളം കുതിച്ചൊഴുകി എത്തിയത്. വാഴത്തോപ്പ് പഞ്ചായത്ത് പൊലീസ് സൊസൈറ്റിക്ക് സമീപം റോഡിന്റെ സംരക്ഷണ ഭിത്തി കെട്ടാൻ എടുത്ത മണ്ണ് റോഡ് സൈഡിൽ ഇട്ടിരുന്നു. മഴ പെയ്തപ്പോൾ ഒഴുകിയെത്തിയ വെള്ളം മണ്ണിൽ തട്ടി വഴി മാറി കോളനി ഭാഗത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. കോളനിയിലെ വീടുകൾക്ക് പിന്നിലെക്ക് പതിച്ച വെള്ളം മൺതിട്ടയ്ക്കും വീടുകൾക്കും കേടുപാടുകൾ വരുത്തി. വീട്ടുപകരണങ്ങളും കിടക്കകൾ ഉൾപ്പെടെയുള്ളവ വെള്ളത്തിൽ മുങ്ങിയതോടെ പലരും വീടുകളിലാണ് അന്തിയുറങ്ങിയത്.