balagopal

തൊടുപുഴ: ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന ബഹുരാഷ്ട്രകുത്തകകളുടെ ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുവാൻ കേരള സർക്കാർ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിന് നിവേദനം നൽകി. നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത്,എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. കേരളത്തിലെ വ്യാപാരികളിൽ ബഹുഭൂരിപക്ഷവും ചെറുകിട കച്ചവടക്കാർ ആണ്. ഇത്തരം കടകളിൽ ജോലി ചെയ്യുന്നവർ പതിനായിരക്കണക്കിന് സാധാരണക്കാരുമാണ്. കൊവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളി നിമിത്തം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് ഇത്തരം ഇടത്തരം ചെറുകിട കച്ചവടക്കാർ ഒന്നര മാസത്തോളമായി കച്ചവടം ചെയ്യുന്നില്ല .സംസ്ഥാന ഖജനാവിന് നികുതിയിനത്തിൽ കോടിക്കണക്കിന് രൂപ സംഭാവന ചെയ്യുന്ന വ്യാപാരി സമൂഹത്തെ സംരക്ഷിക്കാനുള്ള ബാദ്ധ്യത സർക്കാറിനുണ്ട്. . കച്ചവട മേഖല തികച്ചും തകർന്ന ചുറ്റുപാടിൽ ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റം വ്യാപാര മേഖലയിലെ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും നിയമംമൂലം ഇത്തരം ഓൺലൈൻ വ്യാപാരത്തെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി നിയമനിർമാണം കൊണ്ടുവരണമെന്നും കേരള കോൺഗ്രസ് (എം )നേതാക്കൾ മന്ത്രിയോട് അഭ്യർത്ഥിച്ചു.