ചെറുതോണി: മദ്യലഹരിയിൽ ബൈക്കാടിച്ച യുവാവ് ചെന്ന്പെട്ടത് ആർ.ടി. ഒ യുടെ വാഹനത്തന് മുന്നിൽ, പിന്നെ നടന്നത് നാടകീയ രംഗങ്ങൾ. സ്വബോധം തിരിച്ച് കിട്ടിയപ്പോഴാണ് താൻ പൊലീസ് സ്റ്റേഷനിലാണെന്ന് യുവാവിന് മനസിലായത്. മദ്യപിച്ച് അബോധാവസ്ഥയിൽ ഇടുക്കി ആർ.റ്റി.ഒയുടെ വാഹനത്തിനുമുന്നിലൂടെ പോയ വാഴവര വേമ്പൻചിറയിൽ ലിജോ (30)യാണ് ശരിക്കും പെട്ടത്. ബുധനാഴ്ച വൈകിട്ട് 4.30 ന് വാഴവരയിൽ വച്ചാണ് ബൈക്ക് ആർ.റ്റി.ഒ രമണന്റെ വാഹനത്തിനു മുമ്പിലെത്തിയത്. കട്ടപ്പനയിൽ ഔദ്യോഗികാവശ്യത്തിനു പോയ ശേഷം തിരികെ വരികയായിരുന്നു ആർ.റ്റി.ഒ. വാഹനത്തിനു മുമ്പിലൂടെ അമിതവേഗതയിൽ ബൈക്കോടിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കുറേദൂരം ബൈക്കിനെ പിൻതുടർന്ന് പിന്നീട് മുമ്പിലെത്തി കൈകാണിച്ച് നിർത്തുകയായിരുന്നു. ഈ സമയം മദ്യലഹരിയിൽ യുവാവ് വീഴുമെന്ന നിലയായി. ഇയാളെ അനുനയിപ്പിച്ച് ആർ.റ്റി.ഒയുടെ വാഹനത്തിൽ കയറ്റുകയും ബൈക്ക് ആർ.റ്റി.ഒയുടെ ഡ്രൈവറെക്കൊണ്ട് ഓടിപ്പിക്കുകയും ചെയ്തു. . ആർ.റ്റി.ഒയുടെ വാഹനമാണെന്ന് മനസ്സിലാകാതെയാണ് ഇയാൾ വാഹനത്തിൽ കയറിയത്. വാഹനത്തിൽ കയറിയ ഉടനെ തന്റെ കൈവശം മദ്യമുണ്ടെന്നും കഴിക്കാൻ കൂടുന്നോ എന്ന് ആർ. ടി. ഒയെ ക്ഷണിക്കുകയും ചെയ്തു. വണ്ടി നിർത്തി കഴിക്കാമെന്ന് വിശ്വസിപ്പിച്ച് കൊണ്ട്പോയത് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ യുവാവിന് ലൈസൻസോ വാഹനത്തിന് ഇൻഷ്വറസോ ഇല്ലെന്ന് കണ്ടെത്തി. ഹെൽമെറ്റും ധരിച്ചിരുന്നില്ല. വാഹനം കസ്റ്റഡിയിലെടുത്തശേഷം യുവാവിനെ സ്വന്തം ജാമ്യത്തിൽ പിന്നീട് വിട്ടയച്ചു.