ഇടുക്കി : ജില്ലയിൽ വിദ്യാർഥികളുടെ ഓൺലൈൻ പഠനം സുഗമമാക്കാൻ പട്ടയഭൂമിയിലും മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ അനുവാദം നൽകും. വിവിധ മൊബൈൽ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ദുരന്ത നിവാരണ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
പട്ടയ പ്രശ്‌നങ്ങൾ നിലനിൽക്കുന്നിടത്ത് ടവർ നിർമ്മിക്കാൻ പഞ്ചായത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ നിയമം അനുസരിച്ചു അനുമതി നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ
15 ഇടങ്ങളിൽ
ടവറുകൾ സ്ഥാപിക്കും.
മന്നാംകണ്ടം, മാങ്കുളം, തങ്കമണി, കട്ടപ്പന, ഏലപ്പാറ, വാഗമൺ, ബൈസൺവാലി, കൽകൂന്തൽ, വണ്ടൻമേട് ,രാജകുമാരി, കൊന്നത്തടി, രാജാക്കാട്, ആനവിലാസം, എന്നീ വില്ലേജുകളിലാണ് ടവറുകൾ സ്ഥാപിക്കുന്നത്.
ജില്ലയിൽ ഒട്ടേറെ പ്രദേശങ്ങളിൽ മൊബൈൽ നെറ്റ് വർക്ക് തകരാറിലായത് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ വിവിധ ബൊബൈൽ ഫോൺ ദാദാക്കളെ ഉൾപ്പെടുത്തി വിപുലമായ യോഗം ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം വിളിച്ച് ചേർത്തിരുന്നു. കൂടുതൽ മൊബൈൽ ടവറുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെയും ഉയർന്ന് വന്നത്. എന്നാൽ ജില്ലയിലെ ചില നിലനിൽക്കുന്ന പട്ടയഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ അടക്കമുള്ളവ ടവർ നിർമ്മാണത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.ഇതേത്തുടർന്നാണ് അടിയന്തിര പ്രാധാന്യം നൽകി പ്രശ്നപരിഹാരത്തിന് കളക്ടറുടെ ഇടപെടൽ ഉണ്ടായതും ഇത് സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ യോഗത്തിൽ തീരുമാനം ഉണ്ടായതും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസാമി, എ.ഡി.എം ഷൈജു ജോസഫ്, ഡി.എം.ഒ ഡോ.എൻ പ്രിയ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ . സുജിത്ത് സുകുമാരൻ, ഡിവൈ.എസ് .പി നിഷാദ്‌മോൻ തുടങ്ങി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.