മൂന്നാർ: ദുരന്തഭൂമിയായ പെട്ടിമുടിയിൽ വിദ്യാർത്ഥികൾക്കു വീണ്ടും സഹായവുമായി ടീം ജനത. നിർധനരായ തൊഴിലാളികളുടെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യാർത്ഥം മൊബൈൽ ഫോണുകൾ നൽകി നാടിന്റെ നന്മയുടെ പാഠമാവുകയാണ് എറണാകുളത്തെ ടീം ജനത എന്ന യുവജന കൂട്ടായ്മ. 2016ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായിരുന്നു ജനത ഗാരേജ്. ആ സിനിമയിൽ ആകൃഷ്ടരായ ഒരു കൂട്ടം ചെറുപ്പക്കാർ രൂപം നൽകിയതാണ് ടീം ജനത. ബൈക്ക് റൈഡിംഗിൽ താല്പര്യം പുലർത്തിയിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർ സാമൂഹ്യപ്രവർത്തനങ്ങളിലും മുന്നിട്ടിറങ്ങിയതോടെ ഉരുൾപൊട്ടലിന്റെ തീവ്രതയിൽ നടുങ്ങി നിന്ന പെട്ടിമുടിയിലെ വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കാൻ കൂട്ടായ്മ തീരുമാനമെടുത്തു. ചെറുപ്പക്കാർ തങ്ങൾക്കു ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് മാറ്റിവയ്ക്കുവാൻ തയ്യാറായതോടെ പെട്ടിമുടിയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകുവാനായി. പുതിയ അധ്യയന വർഷത്തിലും പെട്ടിമുടിയിലെ പാവപ്പെട്ട കുട്ടികളുടെ പഠനം സുഗമമാക്കുവാൻ വീണ്ടും സഹായമെത്തിക്കുവാൻ കൂട്ടായ്മ മുൻകൈയ്യെടുത്തു. പണം സ്വരൂപിച്ച് ആറു കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി. രാജമല എസ്റ്റേറ്റ് മാനേജർ സുനിൽ ചെങ്കപ്പ ഫോണുകൾ കുട്ടികൾക്ക് കൈമാറി.
കന്നിമല ജിഎൽപി സ്‌കൂൾ ഹെഡ്മാസ്റ്റർ എ രവിചന്ദ്രൻ ആയിരുന്നു ഫോണുകൾ കൈമാറാനുള്ള നടപടികൾക്കു മുൻകൈയ്യെടുത്തത്. ടീം ജനതാ ലീഡർ ജയറാം, എസ്റ്റേറ്റ് അസി.മാനേജർ ഡെന്നിസ് മാത്യു, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ മുഹമ്മദ് റിയാസ്, കന്നിമല സ്‌കൂൾ അദ്ധ്യാപികമാരായ ബീന, ബാനു തുടങ്ങിയവർ പങ്കെടുത്തു.