പ്രതി ഒപ്പംകൂടിയത് 6 കോടിയോളം വിലവരുന്ന സ്വത്ത് തട്ടിയെടുക്കാൻ
മുട്ടം: തോട്ടുങ്കര കാക്കോമ്പിൽ ഊളാനിയിൽ (കപ്പയില്‍) സരോജിനിയെ കൊലപ്പെടുത്താൻ പ്രതിയായ വെള്ളത്തൂവൽ ശല്യംപാറ വരികിൽ സുനിൽകുമാർ തയ്യാറാക്കിയത് ദൃശ്യം സിനിമയെ അനുകരിക്കുന്ന രീതിയിലുള്ള പ്ലാനിങ്ങായിരുന്നെന്ന് അന്വേഷണം നടത്തിയ പൊലീസിന്റെ വെളിപ്പെടുത്തൽ.സരോജിനിയെ കൊലപ്പെടുത്താൻ സഹോദരി പുത്രനായ സുനിൽകുമാർ എട്ട് മാസക്കാലമായി കരുക്കൾ നീക്കി അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.2013 മുതൽ പ്രതി ഇവരോടൊപ്പം താമസം തുടങ്ങിയിരുന്നു. സരോജിനിയെ എങ്ങനെയും കൊലപ്പെടുത്തണമെന്നും കൃത്യം നിർവ്വഹിച്ച് കഴിഞ്ഞാൽ പൊലീസും അന്വേഷണവും ഉണ്ടാകുമെന്നും പ്രതിക്ക് വ്യക്തമായ ബോദ്ധ്യമുണ്ടായിരുന്നു.എന്നാൽ പൊലീസ് അന്വേഷണം തന്നിലേക്ക് എത്താതിരിക്കാനും അന്വേഷണം വഴി തിരിച്ച് വിടാനും മാസങ്ങൾക്ക് മുന്നേ കൃതിതമായ പ്ലാൻ ചെയ്തിരുന്നു.2 ഏക്കർ 80 സെൻ്റ് സ്ഥലവും വീടും ഉൾപ്പെടെ 6 കോടിയോളം വിലവരുന്ന ഭൂസ്വത്തിന് ഉടമയായിരുന്നു സരോജനി.ഈ സ്വത്ത് മുഴുവനും തനിക്ക് കിട്ടും എന്ന വിശ്വാസത്തിലായിരുന്നു പ്രതിയായ സുനിൽ കുമാർ സരോജനിയോടൊപ്പം കൂടിയത്.എന്നാൽ സ്വത്തുക്കൾ സഹോദരിമാർക്കും മക്കൾക്കുമായി എഴുതി വെച്ചതോടെ സുനിൽ കുമാർ തനി സ്വഭാവം പുറത്തെടുക്കുകയായിരുന്നു. നാട്ടുകാരിൽ നിന്ന് സുനിൽകുമാർ എപ്പോഴും മനപ്പൂർവ്വമായ അകലം പാലിച്ചിരുന്നു.സരോജിനിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്താൻ പ്രതി മാസങ്ങൾക്ക് മുന്നേ വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിച്ച മണ്ണെണ്ണ രഹസ്യമായി വീട്ടിൽ സൂക്ഷിച്ചിരുന്നു.കൃത്യ നിർവഹണത്തിന് ശേഷം അത് മറച്ച് വെയ്ക്കാൻ അതിവിദഗ്ദ്ധമായിട്ടാണ് പിന്നീട് ഇയാൾ ഇടപെട്ടത്. കിടപ്പുമുറിയിൽ വെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതിനു ശേഷം അടുക്കളയിൽ കൊണ്ട് ഇടുകയായിരുന്നു.കിടപ്പുമുറിയും അടുക്കളയുമാണ് ഭാഗീകമായി കത്തി നശിച്ചത്.സംഭവ സ്ഥലത്തെത്തിയ പൊലീസിന് ആദ്യമേ തന്നെ മരണത്തിൽ സംശയം തോന്നിയിരുന്നു.പുലർച്ചെ കാപ്പി തിളപ്പിക്കുവാനുള്ള ശ്രമത്തിനിടയിലാണ് ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നത് എന്ന മൊഴിയിൽ സുനിൽകുമാർ ഉറച്ച് നിന്നു.ഇതോടെ ശാസ്ത്രീയമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. നിരവധി പ്രാവശ്യം ചോദ്യം ചെയ്തതിനു ശേഷം സുനിൽകുമാറിനെ പോലീസ് വിട്ടയച്ചിരുന്നു.ഇതോടൊപ്പം രഹസ്യമായ അന്വേഷണം സമാന്തരമായി നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊല്ലപ്പെട്ട സരോജിനിയുടെ ആറ് വാരിയെല്ലിന് പൊട്ടൽ ഉള്ളതായി കണ്ടെത്തി.സംശയങ്ങൾ തീർക്കാൻ വേണ്ടി എന്ന രീതിയിൽ സുനിൽ കുമാറിനെ മുട്ടം സ്റ്റേഷനിൽ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തൊടുപുഴ ഡി വൈ എസ് പി രാജപ്പൻ റാവുത്തറിന്റെ നിർദ്ദേശ പ്രകാരം മുട്ടം സി ഐ വി ശിവകുമാർ,എസ് ഐ അനിൽ എ ആർ,എ എസ് ഐ ജയേന്ദ്രൻ പി.എസ്, സിവിൽ പൊലീസ് ഓഫീസർ കെ യു അബ്‌ദുൽ റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ആക്ഷൻ കൗൺസിൽ രംഗത്ത്.....
. അന്വേഷണം ഇഴയുന്നതായി ആരോപിച്ച് മുട്ടം എസ് എൻ ഡി പി ശാഖയുടെ നേതൃത്വത്തിൽ കെ എ സന്തോഷ് ചെയർമാനും വി ബി സുകുമാരൻ കൺവീനറുമായി ജനകീയമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രി, ഡി ജി പി ഉൾപ്പ ടെ പരാതികളും നൽകിയിരുന്നു .
"അന്വേഷണം ഇഴയുന്നുവെന്ന് ആരോപിച്ച് എസ് എൻ ഡി പി യുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു. ഇത് അന്വേഷണം വേഗത്തിലാക്കി.പോലീസിൻ്റെ അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയിരുന്നു.
വി ബി. സുകുമാരൻ, എസ്എൻഡിപി മുട്ടം ശാഖാ സെക്രട്ടറി