ചെറുതോണി: ഏലം കർഷകർ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ കോൺഗ്രസ് കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു.
കഴിഞ്ഞവർഷം ഒരു കിലോ ഏലയ്ക്കായ്ക്ക് 3200 രൂപ മുതൽ 4000 രൂപവരെ വില ലഭിച്ചിരുന്നു. ഇപ്പോൾ 750 മുതൽ 1100 രൂപ വരെയായി വില കുറഞ്ഞിരിക്കുന്നു. ഒരു കിലോ ഏലം ഉൽപ്പാദനത്തിന് 800 മുതൽ 1000 രൂപ വരെ ചെലവ് വരുന്നുണ്ട്. വളങ്ങളുടെയും കീടനാശിനികളുടെയും വൻവില വർദ്ധനവ്, ഉണങ്ങുന്നതിനുള്ള ചാർജ്ജ്, വൈദ്യുതിചാർജ്ജ്, കൂലിച്ചെലവ് എന്നിവ വർദ്ധിച്ചിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും രോഗബാധയും ഉൽപ്പാദനക്കുറവിന് കാരണമാകുന്നു.
കൊവിഡ് മൂലം നിർത്തിവച്ചിരുന്ന ഏലയ്ക്കാലേലം പുനരാരംഭിക്കണം. കർഷകരെയും വ്യാപാരികളെയും തരംതിരിച്ച് ലേലം നടത്താനുള്ള തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നതായി വർഗീസ് വെട്ടിയാങ്കൽ പറഞ്ഞു. ഈയാവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരങ്ങൾക്ക് തുടക്കം കുറിച്ച് 29ന് പുറ്റടി സ്‌പൈസസ് പാർക്കിനുമുമ്പിൽ കർഷകയൂണിയൻ നേതാക്കൾ ധർണ്ണ നടത്തുന്നതാണെന്നും അദ്ദേഹം അറിയിച്ചു.