തൊടുപുഴ : കാർഷിക മേഖലയുടെ വികസനവും പശ്ചിമ ഘട്ടത്തിലെ ജൈവ വൈവിദ്ധ്യ സംരക്ഷണവും ലക്ഷ്യമിട്ടുകൊണ്ടുള്ള സ്‌ട്രൈഡ് ഗവേഷണ പദ്ധതിക്ക് തൊടുപുഴ ന്യൂമാൻ കോളേജിൽ തുടക്കം കുറിച്ചു. പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിൽ ന്യൂമാൻ ഉൾപ്പെടെ കേരളത്തിൽ മൂന്നു കോളേജുകൾ മാത്രമാണ് ഈ അംഗീകാരത്തിന് അർഹമായത്. വിവിധ വിഷയങ്ങളിലെ വിദ്യാർത്ഥികളുടെ വിഷയാതീത ഗവേഷണ അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുജിസിയും കേന്ദ്രമാനവവിഭവശേഷി മന്ത്രാലയവും കൂടി ആരംഭിച്ച ഈ പദ്ധതിയ്ക്ക് എം ജി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ന്യൂമാൻ കോളോജ് മാത്രമാണ് അർഹത നേടിയത്. ബിരുദ വിദ്യാർത്ഥികളുടെ ഗവേഷണ പാടവം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ദേശിയ അന്തർ ദേശിയ സെമിനാറുകൾക്കും പരിശീലന പരിപാടികൾക്കും വേണ്ടിയാണ് ഈ ധനസഹായം.
പശ്ചിമഘട്ട മേഖലയുടെ ജൈവ വൈവിധ്യ സാദ്ധ്യതകളെയും പ്രാദേശിക അറിവുകളെയും ആഴത്തിൽ മനസിലാക്കി, കാർഷിക മേഖലയുടെ സാമൂഹിക കാഴ്ചപ്പാടുകൾ വിലയിരുത്തപ്പെടുന്ന ജനാധിപത്യ നയരൂപീകരണമാണ് ഈ ഗവേഷണത്തിലൂടെ ലക്ഷ്യമിടുന്നത്. മനുഷ്യ-മൃഗ പരിസ്ഥിതി സംഘർഷങ്ങൾ ഒഴിവാക്കുക, തോട്ടങ്ങളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക, കർഷകരുടെ ജീവനോപാധികൾക്ക് സംരക്ഷണമേകുക, ആവാസവ്യവസ്ഥയുടെ സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ സുസ്ഥിര വികസനമാണ് ഈ ഗവേഷണം ലക്ഷ്യം വയ്ക്കുന്നത്. യുജിസി അംഗവും കാസർഗോഡ് സെൻട്രൽ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ. ജി ഗോപകുമാർ, എം. ജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ്, കൽക്കട്ട ഇൻഡ്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് പ്രൊഫസർ ഡോ. ബിജു പോൾ അബ്രാഹം തുടങ്ങിയവർ ഉൾപ്പെട്ട മെന്ററിംഗ് ആൻഡ് മോണിറ്ററിംഗ് കൗൺസിൽ ആണ് ഗവേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.
കോളേജ് പ്രിൻസിപ്പാൾ ഡോ. തോംസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. സാബു തോമസ് ഗൂഗിളിൽ മീറ്റിലൂടെ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് മാനേജർ ഡോ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഫാ. പോൾ നെടുംപുറത്ത്, സ്‌ട്രൈഡ് പദ്ധതിയുടെ ആരംഭ കോഡിനേറ്റർ ഡോ. പി. എ ജോസ്, മെന്ററിംഗ് ആൻഡ് മോണിറ്ററിംഗ് കൗൺസിൽ അംഗങ്ങളായ ഡോ. ജി ഗോപകുമാർ, ഡോ. സിറിയക് തോമസ്, ഡോ. ബിജു പോൾ അബ്രാഹം തുടങ്ങിയവർ സംസാരിച്ചു. കോളേജിലെ സ്‌ട്രൈഡ് പദ്ധതിയുടെ കോഡിനേറ്റർ ഡോ. ജെന്നി കെ അലക്‌സ് സ്വാഗതവും കോർ കമ്മറ്റി മെമ്പർ ഡോ. എം വി കൃഷ്ണകുമാർ നന്ദിയും പറഞ്ഞു..