exise1

ദേവികുളം: ആദിവാസി മേഖലയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്ന ജനമൈത്രി എക്‌സൈസ് സ്ക്വാഡ് സേവനപ്രവത്തനങ്ങളിലും മുൻനിരയിലേയ്ക്ക്. അടിമാലി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എക്സൈസ് സ്ക്വാഡ് മൂന്നരവർഷത്തെ പ്രവർത്തനങ്ങൾകൊണ്ട് ആദിവാസി കുടികളിൽ ഓട്ടേറെ സേവനങ്ങൾ ചെയ്യാനായി. പത്ത് പഞ്ചായത്തുകളിലായി 123 ആദിവാസി കുടികളിലെ ഏഴായിരത്തോളം ഗോത്രവർഗ ജനതയെ മുഖ്യധാരതിലേയ്ക്ക് കൊണ്ടുവരുന്നതിന് ഓട്ടേറെ പദ്ധതികൾ നടപ്പാക്കാനായതായി ജനമൈത്രി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. കെ. സുനിൽരാജ് പറഞ്ഞു. ലഹരിവിരുദ്ധ ബോധവത്ക്കരണത്തിനൊപ്പം വിദ്യാഭ്യാസം, കല, കായികം, സാസ്ക്കാരിക മേഖലകളിൽ വേറിട്ട പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയമായി. കുടികളിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പാതിവഴിയിൽ പഠനം നിർത്തിയ കുടികളെ കണ്ടെത്തി അവരെ വീണ്ടും സ്കൂളിലെത്തിച്ചു. ഹയർ സെക്കന്ററി, ഡിഗ്രി അടക്കമുള്ള ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടുന്ന മാർഗനിർദേശങ്ങൾ നൽകിയും സൗജന്യ പി. എസ്. സി കോച്ചിഗ് ഉൾപ്പടെ എക്സൈസ് ഓഫീസിൽവച്ച് നൽകിയും സേവനങ്ങൾ വിപുലീകരിച്ചു.കൂടാതെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടന്ൾക്കൊപ്പം ചേർന്ന് പ്രവർത്തനം കാഴ്ച്ചവെയ്ക്കാനായി. കൊവിഡ് മഹാമാരി കാലത്ത് ഭക്ഷ്യ കിറ്റുകൾ അടക്കമുള്ളവ വിതരണം ചെയ്യുന്നതിനും ജനമൈത്രി എക്സൈ് സ്ക്വാഡ് മുൻനിരയിലുണ്ടായിരുന്നു. സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ രണ്ട് പ്രിവന്റീവ് ഓഫീസർമാർ, അഞ്ച് സിവിൽ എക്സൈസ് ഓഫീസർമാർ, ഒരു ഡ്രൈവർ എന്നിവർ എക്സൈസ് സ്ക്വാഡ് ഓഫീസിൽ സേവനമനുഷ്ഠിക്കുന്നു.