ചെറുതോണി: ലോക്ഡൗണിനെത്തുടർന്ന് മുടങ്ങികിടന്ന ചെറുതോണി പാലത്തിന്റെ നിർമ്മാണമാരംഭിച്ചു.തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളായിരുന്നു ഇവിടെ പണികൾ ചെയ്തിരുന്നത്. വാഴത്തോപ്പ് പഞ്ചായത്തിൽ റ്റി.പി.ആർ എട്ടിൽ താഴെയായതിനുശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് ലോക്ഡൗണിൽ ഇളവുപ്രഖ്യാപിച്ചത്. ഇതേത്തുടർന്നാണ് നിർമ്മാണമാരംഭിച്ചത്. നിർമ്മാണ സമയത്ത് അടുത്തവർഷം ഫെബ്രുവരിയിൽ നിർമ്മാണം പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ആദ്യത്തെ പ്ലാൻ മാറ്റിയതിനെത്തുടർന്ന് വ്യാപാരികൾ എതിർപ്പു പ്രകടിപ്പിച്ചതിനാൽ വീണ്ടും പലതവണ പ്ലാൻ മാറ്റേണ്ടിവന്നതിനാൽ നിർമ്മാണം താമസിക്കുകയായിരുന്നു. 25 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും 19 കോടി രൂപക്കാണ് മധുര ആസ്ഥാനമായ കമ്പനി കരാറെടുത്തിരിക്കുന്നത്. 2018ലെ കാലവർഷക്കെടുതിയിൽ ചെറുതോണി പാലത്തിൽ വെള്ളം കയറുകയും പാലം ഒരുഭാഗം കുത്തൊഴുക്കിൽ ഒലിച്ച് പോയതിനെത്തുടർന്നാണ് ഉയരവും വീതിയും കൂട്ടി പുതിയ പാലം പണിയാൻ തീരുമാനിച്ചത്. ഏറെ തിരക്കേറിയ ചെറുതോണി ടൗണിലെ നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കിയില്ലെങ്കിൽ ഗതാഗത കുരുക്കുണ്ടാകാൻ സാദ്ധ്യതയുണ്ട് ഇത് ടൗണിന്റെ പ്രവർത്തനത്തെ ബാധിക്കും.