ചെറുതോണി : കെ.എം മാണിയുടെ ഓർമ്മക്കായി ജലവിഭവ വകുപ്പ് വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഇടുക്കിയെ ഉൾപ്പെടുത്തുമെന്നും ലിഫ്റ്റ് ഇറിഗേഷന്റെ സാദ്ധ്യതകൾ മൈക്രോ ഇറിഗേഷന്റെ വിദ്യകളുമായി കൂട്ടിച്ചേർക്കുന്ന ഈ പദ്ധതിയിലൂടെ കാർഷിക മേഖലക്ക് മികച്ച മുന്നേറ്റം കുറിക്കാനാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
കാർഷിക മേഖലയിലെ ജലദൗർലഭ്യം പരിഹരിക്കാനാകുന്നതിലൂടെ നാണ്യവിളകളുടേയും ഫലവിളകളുടേയും പച്ചക്കറി വിഭവങ്ങളുടേയും ഉല്പാദനം വർധിപ്പിച്ച് കാർഷിക മേഖലയുടെ സാമ്പത്തിക ഉന്നമനം ഉറപ്പാക്കാനാകും. ഇതോടൊപ്പം ജലവിഭവ വകുപ്പിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കൂടുതൽ പദ്ധതികൾ നടപ്പിലാക്കും. ഇടുക്കി ജലാശയത്തിലെ ജലസ്രോതസ് വിനിയോഗിച്ച് മരിയാപുരം, കാമാക്ഷി, വാത്തിക്കുടി, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ കുടിവെള്ളം ലഭ്യമാകത്തക്കവിധത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന് പദ്ധതി വിഭാവനം ചെയ്യും. വാഴത്തോപ്പ് പഞ്ചായത്തിലെ മുടങ്ങിക്കിടക്കുന്ന നെല്ലിപ്പുഴക്കവല കുടിവെള്ള പദ്ധതി പൂർത്തിയാക്കും. അറക്കുളം, കുടയത്തൂർ പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നിലവിലുള്ള പദ്ധതി കാര്യക്ഷമമാക്കുന്നതോടൊപ്പം പുതിയ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.കേരളാ കോൺഗ്രസ് (എം) ഇടുക്കി നിയോജക മണ്ഡലം കമ്മറ്റി വാഴത്തോപ്പിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ മുഖ്യപ്രഭാഷണം നടത്തി. ജോസ് കുഴികണ്ടം, കെ.എൻ മുരളി, ടി.പി മൽക്ക, കെ.ജെ സെബാസ്റ്റ്യൻ, ഷിജോ തടത്തിൽ, സെലിൻ കുഴിഞ്ഞാലിൽ, ജോർജ്ജ് അമ്പഴം, ബിജു ഐക്കര, ആൽബിൻ വറപോളക്കൽ എന്നിവർ സംസാരിച്ചു.