തൊടുപുഴ: ആയിരങ്ങൾക്ക് വച്ചുവിളമ്പിയ കാറ്ററിംഗ് തൊഴിലാളികൾ ഒരു വർഷത്തിലേറെയായി തങ്ങളുടെ വയർ നിറയ്ക്കാൻ വഴിതേടുന്നു. ആദ്യ ലോക്ക് ഡൗൺ മുതൽ ഒന്നര വർഷക്കാലമായി പ്രതിസന്ധിയുടെ നടുക്കയത്തിലാണ് കാറ്ററിംഗ് മേഖല. വിവാഹ സീസണുകളും ആഘോഷപരിപാടികളും കൊവിഡിന്റെ വരവിൽ നിലച്ചതോടെ ജീവനക്കാരുൾപ്പെടെ വലിയ ബാധ്യതയിലാണ്. ആദ്യ തരംഗത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കും മുമ്പ് തന്നെ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി വിവാഹങ്ങളും മറ്റു പരിപാടികളും ഒഴിവാക്കിയിരുന്നു. ലോക്ക് ഡൗൺ കൂടി വന്നതോടെ നിശ്ചയിച്ച പരിപാടികളെല്ലാം കൂട്ടത്തോടെ ഉപേക്ഷിച്ചു. ഇതോടെ കാറ്ററിംഗ് സർവീസുകൾ പൂർണമായും സ്തംഭിച്ചു. ജില്ലയിൽ മാത്രം ആയിരക്കണക്കിന് പേരാണ് കാറ്ററിങ്ങിലൂടെ ഉപജീവനം നടത്തുന്നത്. ഭക്ഷണം വിളമ്പുന്നവർ, മേശ, കസേര, ഡെക്കറേഷൻ എന്നിവ വാടകയ്ക്ക് നൽകുന്നവർ, പന്തൽ നിർമാണം എന്നിങ്ങനെ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെല്ലാവരും ബുദ്ധിമുട്ടിലാണ്. ആദ്യ ലോക്ക് ഡൗൺ മാറി ഇളവുകൾ വന്നതോടെ പ്രതീക്ഷയിലായിരുന്നു ഇവർ. പലരും ലോണെടുത്തും മറ്റും മേഖലയെ വീണ്ടും പിടിച്ചുയർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി രണ്ടാമതും ലോക്ക് ഡൗൺ എത്തുന്നത്. ഇതോടെ പലരും ഇപ്പോൾ കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ്. 10 മുതൽ 15 വരെ സ്ഥിരം തൊഴിലാളികൾ ഓരോ യൂണിറ്റിലും പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ശമ്പളം ഉൾപ്പെടെ കടം വാങ്ങി നൽകുകയാണ് ചെയ്യുന്നതെന്ന് കാറ്ററിംഗ് ഉടമകൾ പറയുന്നു. ജീവിതം വഴിമുട്ടിയതോടെ മറ്റു ജോലികൾക്ക് പോയവരുണ്ട്. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് നൽകിയ 1000 രൂപ ധനസഹായവും പലർക്കും നിഷേധിക്കപ്പെട്ടു. ആയിരക്കണക്കിന് പേർക്ക് സദ്യ വിളമ്പിയിരുന്ന വിവാഹങ്ങളിലും മറ്റും ഇപ്പോൾ 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി. പലരും ചെറിയ പരിപാടികൾക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ചിലരൊക്കെ ഭക്ഷണം ഉണ്ടാക്കി വഴിയരികിലും മറ്റും നിന്ന് വിൽക്കുന്ന സാഹചര്യവുമുണ്ട്. മറ്റ് മേഖലകളിലെല്ലാം ഇളവുകൾ വന്നപ്പോഴും ഇതുവരെ ഈ മേഖലയെ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും കാറ്ററിംഗ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയു ന്നു. അടിയന്തരമായി സർക്കാർ വിഷയത്തിൽ ഇടപെട്ട് ഇളവുകൾ പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.
'ലോൺ തിരിച്ചടയ്ക്കാനാകാത്ത സ്ഥിതിയാണ്. ആയിരക്കണക്കിന് തൊഴിലാളികൾക്ക് ജോലിയില്ലാതായി. പാചകതൊഴിലാളികൾ പലരും മേസ്തിരിപ്പണിക്കും കൃഷിപ്പണിക്കും പോയി തുടങ്ങി. സർക്കാർ ഇതുവരെ ഈ മേഖലയുടെ പ്രശ്നങ്ങൾ കണ്ടമട്ടുവച്ചിട്ടില്ല. ഒരു ധനസഹായവും ആർക്കും ലഭിച്ചിട്ടില്ല"
രാജൻ അക്ഷയ (കേറ്ററിംഗ് ഉടമ)