മൂന്നാർ: 2018ന് ശേഷം മൂന്നാറിലെ നിർമാണങ്ങൾക്ക് നൽകിയ എല്ലാ എൻ.ഒ.സിയും റദ്ദാക്കാനുള്ള മൂന്നാർ സബ്‌കളക്ടറുടെ റിപ്പോർട്ട് ഇടുക്കിയിലെ ഭൂവിഷയം വീണ്ടും സങ്കീർണമാക്കും. 2018ന് ശേഷം നൽകിയ എൻ.ഒ.സികളുടെ മറവിൽ അനധികൃത കെട്ടിടങ്ങൾ നിർമിച്ചവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ദേവികുളം സബ് കളക്ടർ എസ്. പ്രേംകൃഷ്ണന്റെ റിപ്പോർട്ടിൽ പറയുന്നത്. കാർഷികാവശ്യങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കായുമുള്ള ഭൂമിയിൽ വാണിജ്യാവശ്യത്തിനായുള്ള കെട്ടിടങ്ങൾ നിർമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് സബ് കളക്ടർ ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്. കൂടാതെ 2018ന് ശേഷം നൽകിയ എല്ലാ എൻ.ഒ.സിയും റദ്ദാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ഇപ്രകാരം നൽകിയ എൻ.ഒ.സികളുടെയും ചട്ടലംഘനം നടത്തിയവരുടെയും ലിസ്റ്റ് തയ്യാറാക്കാനുള്ള ചുമതല തഹസിൽദാറിന് നൽകിയിട്ടുണ്ട്. കെട്ടിട നിർമാണ ചട്ടങ്ങളിൽ വരുത്തിയ ഇളവുകൾ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. തോട്ടം മേഖലയും കാർഷികമേഖലയും ഉൾപ്പെടുന്ന എട്ട് വില്ലേജുകളിലാണ് കെട്ടിട നിർമ്മാണത്തിന് നിയന്ത്രണങ്ങൾ നിലവിലുള്ളത്. ഇതിൽ ഇക്കാലയളവിൽ മൂന്നാർ ഉൾപ്പെടുന്ന മേഖലയിൽ നിരവധി കെട്ടിടങ്ങൾ അനധികൃതമായി നിർമിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 2010 മുതൽ മേഖലയിൽ നിലനിൽക്കുന്ന കെട്ടിട നിർമാണങ്ങളിലെ നിയന്ത്രണം മൂലം ഗാർഹിക ആവശ്യങ്ങൾക്കു പോലും കെട്ടിടം പണിയാനാവാത്ത അവസ്ഥയുണ്ടായിരുന്നു. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് എട്ട് വില്ലേജുകളിലും നിലനിൽക്കുന്ന നിയന്ത്രണങ്ങൾക്ക് ഇളവുകൾ അനുവദിച്ചത്. എന്നാൽ സബ്കളക്ടറുടെ പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചാൽ ഇടുക്കിയിൽ വീണ്ടും ഭൂവിഷയം വലിയ ചർച്ചയാകും. നിർമാണനിരോധന നിയമത്തിന്റെ പേരിലുള്ള സമരങ്ങൾ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ താത്കാലികമായി അടങ്ങി നിൽക്കുമ്പോഴാണ് പുതിയ റിപ്പോർട്ട് വരുന്നത്. വരും ദിവസങ്ങളിൽ രാഷ്ട്രീയ പാർട്ടികളും മറ്റ് സംഘടനകളും വിഷയം ഏറ്റെടുത്തേക്കും.

തഹസിൽദാർക്കും പൊലീസിനും വിമർശനം

നേരത്തെ ജില്ലാ കളക്ടറായിരുന്നു നിർമാണങ്ങൾക്ക് എൻ.ഒ.സി നൽകിയിരുന്നത്. എന്നാൽ കാലതാമസം ഒഴിവാക്കുന്നതിനായി തഹസിൽദാർക്ക് എൻ.ഒ.സി നൽകാൻ അധികാരം നൽകിയിരുന്നു. ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്നറിഞ്ഞതോടെ 2020ൽ ഈ അധികാരം അവരിൽ നിന്ന് മാറ്റുകയും ചെയ്തിരുന്നു. ഈ കാലയളവിലാണ് ചട്ടംലംഘിച്ച് കെട്ടിടം നിർമിച്ചെന്ന് തെളിഞ്ഞത്. അതേ സമയം ഇതിൽ നടപടി എടുക്കേണ്ട പഞ്ചായത്ത്, വില്ലേജ്, വനം, പൊലീസ് അധികാരികൾ ഇത് കണ്ടതായി നടിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഇവർക്ക് ഗുരുതര വീഴ്ചയുണ്ട്. നടപടി എടുക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്ക് സുരക്ഷ നൽകാൻ പോലും പൊലീസ് പലപ്പോഴും തയ്യാറല്ലെന്നും സബ് കളക്ടർ റിപ്പോർട്ടിൽ പറയുന്നു.