ചെറുതോണി:മാവേലിക്കര ജില്ലാശുപത്രിയിൽ ഡോക്ടറെ മർദിച്ച പൊലീസ് ഉദ്യാേഗസ്ഥനെ ആറാഴ്ച്ച പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ പ്രതിഷേധ സമരം നടത്തി. ഇടുക്കി മെഡിക്കൽ കോളേജിൽ സ്‌പെഷ്യലിറ്റി ഒപി സേവനങ്ങൾ ബഹിഷ്‌കരിച്ചു. ജനറൽ ഒപി ഒരു മണിക്കൂർ നേരത്തേക്ക് നിർത്തി വച്ചു. ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും പ്രതിഷേധ സമരം നടന്നു. അത്യാഹിത വിഭാഗവും, കൊവിഡ് പരിചരണവും മുടങ്ങാത്ത രീതിയിലായിരുന്നു സമരം. ഇടുക്കി മെഡിക്കൽ കോളേജിൽ നടന്ന പ്രതിഷേധ യോഗത്തിൽ കെജിഎംഒഎ ജില്ലാ ആശുപത്രി യൂണിറ്റ് കൺവീനർ ഡോ ദീപേഷ് അദ്ധ്യക്ഷത വഹിച്ചു. കെജിഎംഒഎ ജില്ലാ സെക്രട്ടറി ഡോ അജു ജോസ് , ഡോ നവാസ്, ഡോ രാംകുമാർ എന്നിവർ സംസാരിച്ചു.