മൂന്നാർ: 2018ന് ശേഷം മൂന്നാറിലെ നിർമാണങ്ങൾക്ക് നൽകിയ എല്ലാ എൻ.ഒ.സിയും റദ്ദാക്കാനുള്ള മൂന്നാർ സബ്കളക്ടറുടെ റിപ്പോർട്ട് ഇടുക്കിയിലെ ഭൂവിഷയം വീണ്ടും സങ്കീർണമാക്കും. നിർമാണ നിയന്ത്രണമുള്ള മൂന്നാർ ഉൾപ്പെടെയുള്ള എട്ട് വില്ലേജുകളിൽ 2018ൽ വില്ലേജ് ഓഫീസർമാർ നൽകിയ എൻഒസി റദ്ദാക്കണമെന്ന് കാട്ടി ദേവികുളം സബ് കളക്ടർ എസ്. പ്രേംകൃഷ്ണൻ റിപ്പോർട്ട് കൈമാറി. ഈ എൻഒസി ഉപയോഗിച്ച് വ്യാപക തോതിൽ അനധികൃത നിർമാണങ്ങൾ നടക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2018 മെയ് 5 മുതൽ ഒക്ടോബർ 20 വരെ നൽകിയ എൻഒസി റദ്ദാക്കണമെന്ന് കാട്ടിയാണ് ജില്ലാ കളക്ടർക്ക് കത്ത് നൽകിയത്. ഇതിൽ മൂന്നാർ ഉൾപ്പെടുന്ന മേഖലയിൽ നിരവധി കെട്ടിടങ്ങൾ ഇക്കാലയളവിൽ അനധികൃതമായി നിർമിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇനി മുതൽ നൽകുന്ന എൻഒസിക്ക് കാലാവധി നിശ്ചയിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. 58 വർഷം വരെ പഴക്കമുള്ള എൻഒസികൾ ഉപയോഗിച്ച് ഇപ്പോഴും സ്ഥലത്ത് വൻകിട നിർമാണങ്ങൾ നടക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കെഡിഎച്ച്പി, പള്ളിവാസൽ, ആനവിരട്ടി, ചിന്നക്കനാൽ, ആനവിലാസം, ബൈസൺവാലി, ശാന്തമ്പാറ, വെള്ളത്തൂവൽ വില്ലേജുകളിലാണ് 2010ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം നിർമാണ നിരോധനമുള്ളത്. 2018ൽ മേൽപറഞ്ഞ കാലയളവിലാണ് ഇവിടെ എൻഒസി നൽകാൻ വില്ലേജ് ഓഫീസർമാർക്ക് അധികാരം നൽകിയത്. ഈ അനുമതി ഉപയോഗിച്ച് കാർഷികാവശ്യങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കായുമുള്ള ഭൂമിയിൽ വാണിജ്യാവശ്യത്തിനായുള്ള കെട്ടിടങ്ങൾ നിർമിക്കുന്നത് തുടരുകയാണ്. വീട് പണിയെന്ന പേരിൽ റിസോർട്ടുകൾ ഉയരുന്നത് കണ്ടതോടെയാണ് സബ് കളക്ടർ അടിയന്തരമായി വിഷയത്തിൽ ഇടപ്പെട്ടത്. ഇപ്രകാരം നൽകിയ എൻഒസികളുടെയും ചട്ടലംഘനം നടത്തിയവരുടെയും ലിസ്റ്റ് തയ്യാറാക്കുവാനുള്ള ചുമതല തഹസിൽദാറിന് നൽകിയിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കെട്ടിട നിർമാണങ്ങളിലെ നിയന്ത്രണം മൂലം ഗാർഹിക ആവശ്യങ്ങൾക്കു പോലും കെട്ടിടം പണിയാനാവാത്ത അവസ്ഥയുണ്ടായിരുന്നു. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് എട്ട് വില്ലേജുകളിലും നിലനിൽക്കുന്ന നിയന്ത്രണങ്ങൾക്ക് ഇളവുകൾ അനുവദിച്ചത്. ജില്ലാ കളക്ടർ നൽകിയിരുന്ന എൻഒസി കാലതാമസം ഒഴിവാക്കുന്നതിനായി വീടുകൾക്ക് വില്ലേജ് ഓഫീസർമാരും വാണിജ്യ ആവശ്യങ്ങൾക്കുള്ളത് തഹസിൽദാർമാരും നൽകാനാക്കി മാറ്റി അധികാരം നൽകിയിരുന്നു. ഇതിൽ പാളിച്ച കണ്ടതോടെ രണ്ടിന്റെയും എൻഒസി നൽകാനുള്ള അധികാരം തഹസിൽദാർമാർക്ക് കൈമാറി.
ഈ അധികാരം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന വാർത്ത വന്നതോടെ 2020ൽ വീടുകളുടെ മാത്രം എൻഒസി നൽകാൻ തഹസിൽദാരേയും വാണിജ്യ കെട്ടിടങ്ങൾക്ക് എൻഒസി നൽകാൻ കളക്ടറേയും ചുമതലപ്പെടുത്തുകയായിരുന്നു. ആറ് മുതൽ ഒരു വർഷം വരെയാകും ഇനി എൻഒസിക്ക് കാലാവധി നൽകുക. ഇതിന് ശേഷം പുതുക്കേണ്ടി വരുമ്പോൾ അനധികൃത നിർമാണം നടന്നിട്ടുണ്ടെങ്കിൽ അവ സ്ഥലത്തെത്തുന്ന ഉദ്യോഗസ്ഥർക്ക് കണ്ടെത്താനുമാകും. എന്നാൽ സബ്കളക്ടറുടെ പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചാൽ ഇടുക്കിയിൽ വീണ്ടും ഭൂവിഷയം വലിയ ചർച്ചയാകും. നിർമാണനിരോധന നിയമത്തിന്റെ പേരിലുള്ള സമരങ്ങൾ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ താത്കാലികമായി അടങ്ങി നിൽക്കുമ്പോഴാണ് പുതിയ റിപ്പോർട്ട് വരുന്നത്. വരും ദിവസങ്ങളിൽ രാഷ്ട്രീയ പാർട്ടികളും മറ്റ് സംഘടനകളും വിഷയം ഏറ്റെടുത്തേക്കും.
പോലീസിനും വിമർശനം
അതേ സമയം അനധികൃത നിർമാണം കണ്ടെത്തി നടപടി എടുക്കേണ്ട പഞ്ചായത്ത്, വില്ലേജ്, വനം, പൊലീസ് അധികാരികൾ ഇത് കണ്ടതായി നടിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഇവർക്ക് ഗുരുതര വീഴ്ചയുണ്ട്. നടപടി എടുക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്ക് സുരക്ഷ നൽകാൻ പോലും പൊലീസ് പലപ്പോഴും തയ്യാറല്ലെന്നും സബ് കളക്ട്രർ റിപ്പോർട്ടിൽ പറയുന്നു.