waist
ആലക്കോട് ഗ്രാമപ്പഞ്ചായത്തിലെ പാഴ് വസ്തുക്കൾ ഹരിതകർമ്മ സേനാംഗങ്ങൾ തൊടുപുഴ ബ്ലോക്കിലെ ആർആർഎഫിലേയ്ക്ക് കൊണ്ടു പോകുന്നു.

തൊടുപുഴ: അജൈവ പാഴ് വസ്തുക്കൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സ്ഥാപനമായ ക്ലീൻ കേരള കമ്പനിയുമായി (സി.കെ.സി) ജില്ലയിലെ 28 തദ്ദേശഭരണസ്ഥാപനങ്ങൾ കരാറിലേയ്ക്ക്. ഇതു പ്രകാരം ഹരിതകർമ്മ സേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കടക്കമുള്ള എല്ലാ അജൈവ പാഴ്‌വസ്തുക്കളും ക്ലീൻ കേരള കമ്പനി ഏറ്റെടുത്ത് ശാസ്ത്രീയമായി കൈകാര്യം ചെയ്യും. ഹരിതകേരളത്തിന്റെ സമഗ്ര മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും ക്ലീൻ കേരളാ കമ്പനിയുമായി കരാറിലേർപ്പെടണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാമുരളീധരൻ വിളിച്ചുകൂട്ടിയ പ്രവർത്തനാവലോകന യോഗത്തിൽ നിർദ്ദേശിച്ചിരുന്നു. സി.കെ.സിയുമായി കരാർ വയ്ക്കുന്നത് ഹരിത കേരളത്തിന്റെ സമഗ്ര മാലിന്യ പരിപാലന പദ്ധതിയിലെ നിർണായക നടപടിയാണ്. ഒരു പഞ്ചായത്തിലെ മാലിന്യനീക്കത്തിനുള്ള സുസ്ഥിരമായ സംവിധാനമാണ് ഈ കരാറൊരുക്കുന്നതെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഡോ. ജി.എസ്. മധു പറഞ്ഞു. പഞ്ചായത്തുകളിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ (എം.സി.എഫ്) ശേഖരിച്ചിട്ടുള്ള പാഴ്‌വസ്തുക്കൾ മണക്കാടുള്ള സംഭരണ കേന്ദ്രത്തിലും നെടിയശാലയിലെ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയിലുമെത്തിച്ച് (ആർ.ആർ.എഫ്) തരം തിരിച്ച ശേഷമാണ് റീ സൈക്ലിംഗിനും മറ്റുമായി കൈമാറുന്നത്. മറ്റ് തദ്ദേശ സ്ഥാപനങ്ങളും ഉടൻ സി.കെ.സിയുമായി കരാറിലെത്തുമെന്നാണ് കരുതുന്നതെന്നും ഡോ. ജി.എസ്. മധു പറഞ്ഞു.

പാഴ് വസ്തുക്കൾ നീക്കി തുടങ്ങി
സി.കെ.സിയുമായി കരാർ വെച്ച ആലക്കോട്, കാമാക്ഷി, കരുണാപുരം, മരിയാപുരം പഞ്ചായത്തുകളിലെ പാഴ് വസ്തുക്കൾ പൂർണമായും ഏറ്റെടുത്ത് നീക്കിയതായി കമ്പനി അസി. മാനേജർ സുബിൻ ബേബി അറിയിച്ചു.
ഏലപ്പാറ, ഇരട്ടയാർ, കഞ്ഞിക്കുഴി, വാത്തിക്കുടി, മരിയാപുരം, കാമാക്ഷി, കോടിക്കുളം, കരിമണ്ണൂർ, പാമ്പാടുംപാറ, കരുണാപുരം, രാജകുമാരി, മറയൂർ കാന്തല്ലൂർ, ശാന്തമ്പാറ, ബൈസൺവാലി, കൊന്നത്തടി, അറക്കുളം, വെള്ളത്തൂവൽ, രാജാക്കാട്, സേനാപതി, വണ്ണപ്പുറം, ആലക്കോട്, കുടയത്തൂർ, വാഴത്തോപ്പ് ഉപ്പുതറ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ,​ മുട്ടം എന്നീ പഞ്ചായത്തുകളാണ് ക്ലീൻ കേരള കമ്പനിയുമായി കരാർ ഒപ്പിട്ടതെന്നും സുബിൻ പറഞ്ഞു.