 പ്രതിഷേധം ജില്ലയിൽ പതിനായിരം കേന്ദ്രങ്ങളിൽ

തൊടുപുഴ: കേന്ദ്രത്തിന്റെ ഇന്ധന കൊള്ളയ്‌ക്കെതിരെ 30ന് ജില്ലയിൽ 10,​000 കേന്ദ്രങ്ങളിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടക്കും. ഇടതുപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടന്നു വരുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് കേരളത്തിലും പ്രതിഷേധ സംഗമം നടത്തുക. എല്ലാ ദിവസവും ഡീസലിന്റെയും പെട്രോളിന്റെയും വില വർദ്ധിപ്പിച്ച് ജനങ്ങളെ ഞെക്കിപ്പിഴിയുന്ന കാട്ടാള ഭരണമാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടക്കുന്നത്. പ്രതിവർഷം അഞ്ചര ലക്ഷം കോടി രൂപയുടെ നികുതി ഇളവുകളും സൗജന്യങ്ങളും കോർപ്പറേറ്റുകൾക്ക് നൽകുന്ന മോഡി സർക്കാർ ഇന്ധന കൊള്ളയിലൂടെ സാധാരണ ജനങ്ങളുടെ ജീവിതം തകർക്കുകയാണ് ചെയ്യുന്നത്. കൊവിഡ് എന്ന മഹാമാരിയിൽപ്പെട്ട് നാടും ജനങ്ങളും തീരാ ദുരിതങ്ങൾ അനുഭവിക്കുമ്പോഴാണ് മോഡി ഭരണകൂടം ജനങ്ങളെ ഈ വിധം കൊള്ളയടിക്കുന്നത്. ഈ കൊള്ളയ്‌ക്കെതിരെ 30ന് ജില്ലയിൽ പഞ്ചായത്ത് വാർഡുകളിലും മുൻസിപ്പൽ വാർഡുകളിലുമായി പതിനായിരം കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തും. എൽ.ഡി.എഫ് നേതാക്കളായ കെ.കെ. ശിവരാമൻ, കെ.കെ. ജയചന്ദ്രൻ എന്നിവർ തൊടുപുഴ നഗരസഭയിലും ജോസ് പാലത്തിനാൽ, അനിൽ കൂവപ്ലാക്കൽ, എം.കെ. ജോസഫ്, ജോർജ് അഗസ്റ്റ്യൻ, ജോണി ചെരുപറമ്പിൽ, എം.എം. സുലൈമാൻ, പി.കെ. ജയൻപിള്ള, പി.കെ. വിനോദ്, സോമനാഥൻ നായർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകും.