തൊടുപുഴ: ഏറെ വർഷങ്ങളായി സ്തംഭനാവസ്‌ഥയിലായ മുട്ടം- ഇടപ്പള്ളി- തോട്ടുങ്കര ബൈപ്പാസ് പദ്ധതിയുടെ നിർമ്മാണത്തിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ "കേരള കൗമുദി"യോട് പറഞ്ഞു. സർക്കാരാണ് പദ്ധതിയുടെ തുടർ നടപടികൾക്ക് അനുമതി നൽകി ഫണ്ട് അനുവദിക്കേണ്ടത്. ഇത് സംബന്ധിച്ച് സർക്കാരിന് പ്രോജക്ട് റിപ്പോർട്ട് നൽകിയതാണെന്നും എം.എൽ.എ പറഞ്ഞു. നിരവധി വികസന സാധ്യതകളുള്ള മുട്ടം ടൗണിലെ അതിരൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായിട്ടാണ് മുട്ടം- ഇടപ്പള്ളി- തോട്ടുങ്കര ബൈപാസ് പദ്ധതി വിഭാവനം ചെയ്തത്. ഉമ്മൻചാണ്ടി സർക്കാരിൽ ജലവിഭവ മന്ത്രിയായായിരുന്ന പി.ജെ. ജോസഫായിരുന്നു മുട്ടം- ഇടപ്പള്ളി- തോട്ടുങ്കര ബൈപാസ് പദ്ധതി വിഭാവനം ചെയ്തത്. പെരുമറ്റം കനാലിന് സമീപം പഴയ റോഡിൽ നിന്ന് ആരംഭിച്ച് എൻജിനിയറിംഗ് കോളേജിന്റെ പിന്നിൽ തോടിന് സമാന്തരമായി തോട്ടുങ്കര പാറക്കടവിൽ എത്തുന്ന രീതിയിലായിരുന്നു പദ്ധതി. പദ്ധതിക്ക് വേണ്ടി സ്ഥലം അളന്ന് സർവ്വേ കല്ല് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ സാങ്കേതികമായ ചില എതിർപ്പുകളെ തുടർന്ന് പദ്ധതി കോടതിയിൽ എത്തി. പിന്നീട് സർക്കാരും പദ്ധതിയുടെ ഗുണഭോക്താക്കളായവരും താത്പര്യം കാണിക്കാതെ വന്നതോടെ പദ്ധതി നിലച്ച മട്ടായിരുന്നു. പദ്ധതിയുടെ നിലവിലുള്ള അവസ്ഥ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതർ ഉൾപ്പെടെ ആർക്കും വ്യക്തതയില്ല. ഇത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം നൽകിയ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പി.ജെ. ജോസഫ് എം.എൽ.എ മുട്ടം- ഇടപ്പള്ളി-തോട്ടുങ്കര ബൈപാസ് പദ്ധതി യാഥാർത്ഥ്യമാകാൻ ഇടപെടുമെന്ന് അറിയിച്ചത്.