shop1
വഴിയോര കച്ചവട കേന്ദ്രത്തിന്റെ താക്കോൽ ഡോമിനിക്കിന് കൈമാറുന്നു

അടിമാലി: കൊവിഡ് കാലത്ത് വരുമാനം നിലച്ച അംഗവൈകല്യമുള്ള അടിമാലി മച്ചിപ്ലാവ് സ്വദേശി ഡോമിനിക്കിനും കുടുംബത്തിനും ജീവിതമാർഗമൊരുക്കി വാട്‌സാപ്പ് കൂട്ടായ്മ. മന്നാങ്കാല മേഖലയിലെ സൗഹൃദ വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയോരത്ത് വഴിയോര കച്ചവട കേന്ദ്രം ഒരുക്കിയാണ് കരുതലിന്റെ മുഖമായി തീർന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഓൺലൈൻ പഠനോപകരണ വിതരണത്തിനായി വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അംഗങ്ങൾ ഡേവിഡിന്റെ വീട്ടിലെത്തുകയും വരുമാനം നിലച്ച കുടുംബത്തിന്റെ ബുദ്ധിമുട്ട് തിരിച്ചറിയുകയും ചെയ്തു. തുടർന്ന് ഈ കുടുംബത്തിന് കൈതാങ്ങാകാൻ വാട്‌സാപ്പ് കൂട്ടായ്മ തീരുമാനമെടുത്തു. വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സുമനസായ ഒരു വിദേശമലയാളിയുടെ സഹകരണത്തോടെ കച്ചവട കേന്ദ്രം ഒരുക്കി. ഒരു ലക്ഷം രൂപയോളം ഇദ്ദേഹം സംഭാവന ചെയ്തപ്പോൾ നാട്ടിൽ കച്ചവട കേന്ദ്രമൊരുക്കാൻ വേണ്ട ഇടപെടലുകൾ വാട്‌സാപ്പ് കൂട്ടായ്മയുടെ ഭാഗത്ത് നിന്നുണ്ടായി. മച്ചിപ്ലാവിൽ തുറന്ന വഴിയോര കച്ചവട കേന്ദ്രത്തിന്റെ താക്കോൽ അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം കോയ അമ്പാട്ട് ഡോമിനിക്കിന് കൈമാറി. വരുമാനം നിലച്ച കാലത്ത് ജീവിതമാർഗമൊരുക്കി നൽകിയവർക്ക് ഡോമിനിക് നന്ദിയറിച്ചു. കച്ചവട കേന്ദ്രത്തിന്റെ താക്കോൽ കൈമാറ്റ ചടങ്ങിൽ അന്ത്രു അടിമാലി, അഫ്‌സൽ പുത്തൻപുരയ്ക്കൽ, അനസ് കോയാൻ, മൊയ്ദു മങ്ങാട്ട്, സാലി വലിയപറമ്പിൽ, സെലി പുള്ളിക്കുടി തുടങ്ങിയവർ പങ്കെടുത്തു.