തൊടുപുഴ: ഒന്നാം ഘട്ട ലോക്ക് ഡൗൺ സമയത്ത് റീലീസായ "മാസ്കാണ് പ്രധാനം" എന്ന ഷോർട്ട് ഫിലിം നിരവധി പുരസ്‌കാരങ്ങൾ നേടി മുന്നേറുന്നു. തൊടുപുഴയിലും സമീപ പ്രദേശങ്ങളിലുമുള്ള കലാകാരന്മാരെ അണിനിരത്തി മുട്ടം സ്വദേശി സിജോ ജോസഫാണ് ഈ ഷോർട്ട് ഫിലിം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ലോക്ക് ഡൗൺ വിഭാഗത്തിൽ ഒന്നാം സ്ഥാനം, ബാംഗ്ലൂർ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം, കൊച്ചിൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ലോക്ക് ഡൗൺ ചിത്രത്തിനുള്ള ഒന്നാം സ്ഥാനം, ഇന്ത്യൻ ഇന്റർനാഷണൽ ബോംബെ ഫിലിം ഫെസ്റ്റിവൽ രണ്ടാം സ്ഥാനം, തിരുവനന്തപുരം മീഡിയ സിറ്റി ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളാണ് ഈ കൊച്ച് ചിത്രം നേടിയത്. വിവിധ ഭാക്ഷകളിലെ മികച്ച ചിത്രങ്ങളിൽ നിന്ന് ചലച്ചിത്രപ്രവർത്തകരടങ്ങിയ മികച്ച ജൂറിയാണ് ഈ ചിത്രത്തെ തിരഞ്ഞെടുത്തത്. നടി നിഖില വിമൽ ടൈറ്റിൽ റിലീസ് ചെയ്യുകയും സംവിധായകൻ ലാൽ ജോസ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്യുകയും ചെയ്ത ചിത്രം വിനീത് ശ്രീനിവാസൻ, വിഷ്‌ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ഒമർ ലുലു, അപർണ ബാലമുരളി, ബോബൻ സാമുവൽ, മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടി തുടങ്ങിയ നൂറോളം താരങ്ങളുടെയും സംവിധായകരുടെയും ഫേസ് ബുക്ക്‌ പേജുകളിലൂടെയാണ് റിലീസ് ആയത്. ജോസ് കുന്നുംപുറവും ഐവിൻ ഫിലിംസ് ബിനു ജോർജും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിച്ചത് ലിന്റോ തോമസാണ്.