മൂലമറ്റം: തൃശൂർ തേക്കിൻകാട് മൈതാനത്ത് നടന്ന ഏകാത്മകം മെഗാ മോഹിനിയാട്ടത്തിൽ പ്ലസ്ടു വിദ്യാർത്ഥിനിക്ക് ഗിന്നസ് റെക്കാർഡ്. അറക്കുളം മൈലാടി തകരപ്പറമ്പിൽ അഭിജ ബിജുവിനാണ് ഗിന്നസ് റെക്കാർഡ് ലഭിച്ചത്. 2020 ജനുവരി 18നാണ് തൃശൂർ തേക്കിൻകാട് മൈതാനത്ത് ഏകാത്മകം നടന്നത്. ഗുരുദേവന്റെ കുണ്ഡലിനി പാട്ടിന്റെ നൃത്താവിഷ്‌കരമായിട്ടായിരുന്നു പരിപാടി. എസ്.എൻ.ഡി.പി യോഗത്തിന്റെ കീഴിലുള്ള വിവിധ ശാഖകളിൽ നിന്നുള്ള അയ്യായിരത്തോളം കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. യൂണിയൻ തലത്തിൽ പരിശീലനം നൽകി തിരഞ്ഞെടുത്തവരെയാണ് തൃശൂരിലെ പരിപാടിയിൽ പങ്കെടുപ്പിച്ചത്. അഭിജയുടെ സർട്ടിഫിക്കറ്റ് സാങ്കേതിക കാരണങ്ങളാൽ വൈകിയതിനെ തുടർന്നാണ് ഗിന്നസ് റെക്കാർഡ് ലഭിക്കാൻ വൈകിയത്. സ്‌കൂൾ യുവജനോത്സവങ്ങളിൽ തിരുവാതിര, മോഹിനിയാട്ടം, മറ്റ് ഡാൻസ് പ്രോഗ്രാമുകളിൽ അഭിജ പങ്കെടുക്കാറുണ്ട്. നാട്ടിലെ കലാക്ഷേത്രയിൽ മോഹിനിയാട്ടം പഠിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ വിളക്ക് ഡാൻസും ചെയ്യുന്നുണ്ട്. തൃശൂരിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ തൊടുപുഴ യൂണിയനിൽ നിന്നുള്ള അദ്ധ്യാപിക പ്രത്യേക പരിശീലനം നൽകിയിരുന്നു. ജില്ലയിലുള്ള വിവിധ യൂണിയനിൽ നിന്നുള്ള കുട്ടികൾ തൃശൂരിലെ പരിപാടിയിൽ പങ്കെടുത്തിരുന്നു. മൂലമറ്റം സേക്രഡ് ഹാർട്ട് സ്‌കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ് അഭിജ. അറക്കുളം സെന്റ് മേരീസ് ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സഹോദരൻ അഭിജിത്തിന് ചെണ്ട മേളം പരിശീലിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ ഡ്രൈവറായ ബിജു അമ്പിളി ദമ്പതികളുടെ മകളാണ്. എസ്.എൻ.ഡി.പി യോഗം കുടയത്തൂർ ശാഖ വനിത സംഘം സെക്രട്ടറിയാണ് അമ്പിളി.