തൊടുപുഴ: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങളെ കാർഷിക മേഖലയിലേക്ക് കൂടുതൽ ആകർഷിക്കാനായി ആരംഭിച്ച ഹരിത രശ്മി പദ്ധതിയിലൂടെ ഓണസദ്യ വിഭവസമൃദ്ധമാകും. സംസ്ഥാന സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റാണ് പദ്ധതി നിർവഹണത്തിന് നേതൃത്വം നൽകുന്നത്. ജില്ലയിൽ 31കർഷക ഹരിത രശ്മി കാർഷിക ഗ്രൂപ്പുകൾ വിവിധയിടങ്ങളിൽ രൂപീകരിച്ചിട്ടുണ്ട്. കാർഷിക ആസൂത്രണം മുതൽ വിപണന സംവിധാനങ്ങൾ സൃഷ്ടിക്കൽ വരെയുള്ള പ്രവർത്തനങ്ങൾക്ക് ഈ ഗ്രൂപ്പുകൾ നേതൃത്വം നൽകും. വെണ്ട, പയർ, പച്ചമുളക്, തക്കാളി, പടവലം, വെള്ളിരി, വഴുതന, മത്തൻ, ചീര തുടങ്ങിയവയാണ് കൃഷി ചെയ്യുക. ഓണക്കാലത്തേക്ക് സ്വന്തം ആവശ്യം കഴിഞ്ഞുള്ള പച്ചക്കറി പ്രാദേശിക വിപണിയിൽ വിറ്റഴിക്കാനും പദ്ധതിയുണ്ട്. ആയിരം കുടുംബങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളാകും. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആയിരം കുടുംബങ്ങളാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഗുണഭോക്താക്കൾ. ഹരിത രശ്മിയുടെ ഭാഗമായി നടപ്പാക്കുന്ന വിപുലമായ കാർഷിക പ്രവത്തനങ്ങളുടെ തുടക്കമായാണ് പച്ചക്കറി കൃഷി വിഭാവനം ചെയ്തിരിക്കുന്നത്. ദീർഘകാല വിളവ് ലഭിക്കുന്ന കുടംപുളി, പേര, നെല്ലി, സീതപ്പഴം, രാമച്ചം, പ്ലാവ്, ചെറുനാരകം, വാളൻപുളി എന്നിവയുടെ തൈകളും കർഷകർക്ക് വിതരണം ചെയ്യും. നിറവല്ലം പദ്ധതിയുടെ ഭാഗമായുള്ള തൈകളുടെയും വിത്തുകളുടെയും ജില്ലാതല വിതരണ ഉദ്ഘാടനം 30ന് രാവിലെ 9.30ന് കട്ടപ്പന കോടാലിപ്പാറയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിർവഹിക്കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ അദ്ധ്യക്ഷത വഹിക്കും.
പദ്ധതി ഘട്ടം ഘട്ടമായി
മൂന്നുഘട്ടങ്ങളിലായാണ് ഹരിത രശ്മി നടപ്പിലാക്കുന്നത്. ഒന്നാംഘട്ടത്തിൽ ബോധവത്കരണം, ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ്, മണ്ണ് തുടങ്ങി അടിസ്ഥാന വിഷയങ്ങളും രണ്ടാംഘട്ടത്തിൽ വിത്തുവിതരണവും കൃഷിയും വിളപരിപാലനം, വിളവെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളും മൂന്നാം ഘട്ടത്തിൽ ജൈവകൃഷി പ്രോത്സാഹനവുമാണ് കൈകാര്യം ചെയ്യുന്നത്. കാർഷിക ഉത്പന്നങ്ങളുടെ ബ്രാൻഡിംഗ്, ജില്ലാതല കർഷക കൂട്ടായ്മ, പൊതുനാമം, വിപണന ശൃംഖല, പ്രൊഡ്യൂസർ കമ്പനി, സാങ്കേതിക വിപണന സൗകര്യം എന്നിവയും ഇതിന് പിന്നാലെ നടപ്പിലാക്കും.
പതിപള്ളിയിൽ വിത്ത് വിതരണം 30ന്
'ഹരിത രശ്മി' പദ്ധതിയിലെ അംഗങ്ങൾക്കുള്ള വിത്ത് വിതരണം 30ന് പതിപ്പള്ളിയിൽ നടക്കും. ഈ മേഖലയിൽ രൂപീകരിച്ചിട്ടുള്ള ആറ് കർഷകസംഘങ്ങളിലെ അംഗങ്ങൾക്കാണ് വിത്ത് നൽകുന്നത്. രാവിലെ 10ന് മേമുട്ടം, 11ന് പുളിക്കക്കവല, 12ന് പതിപ്പള്ളി, രണ്ടിന് ആശ്രമം, മൂന്നിന് ചേറാടി, 4.30ന് തെക്കുംഭാഗം എന്നീ സമയങ്ങളിൽ വിത്തുകൾ വിതരണം ചെയ്യും. പതിപ്പള്ളിയിൽ നടക്കുന്ന പരിപാടിയിൽ സി.എം.ഡി സംസ്ഥാന കോ-ഓർഡിനേറ്റർ പി.ജി. അനിൽ, ട്രൈബൽ എക്സ്‌റ്റൻഷൻ ആഫീസർ കെ.ഡി. ലിജി എന്നിവർ പങ്കെടുക്കും.