മുട്ടം: സി പി എം മുട്ടം ലോക്കൽ കമ്മറ്റി സെക്രട്ടറിയും മുട്ടത്തെ പൊതുപ്രവർത്തകനുമായ ടി എം റഷീദിനെ അപമാനിച്ച മുട്ടം പൊലീസ് സ്റ്റേഷനിലെ എസ് ഐ മുഹമ്മദ്‌ ബഷീറിന്റെ നടപടിയിൽ എൽ ഡി എഫ് മുട്ടം പഞ്ചായത്ത്‌ കമ്മറ്റി പ്രതിഷേധിച്ചു.കോടതിയുടെ പരിഗണയിലുള്ള വിഷയത്തിൽ മുട്ടം ചള്ളാവയൽ സ്വദേശിയായ ഷെമീറിനെ എസ് ഐ മുഹമ്മദ്‌ ബഷീർ കഴിഞ്ഞ വെള്ളിയാഴ്‌ച്ച രാവിലെ സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയും ഉച്ചക്ക് 12 മണി കഴിഞ്ഞിട്ടും വിട്ടയക്കാതെ തടഞ്ഞ് വെക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് വിവരങ്ങൾ അറിയുന്നതിന് വേണ്ടി സ്റ്റേഷനിൽ എത്തിയ റഷീദ് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് പറഞ്ഞപ്പോൾ എസ് ഐ ക്ഷുഭിതനായി സീറ്റിൽ നിന്ന് എഴുന്നേറ്റ് റഷീദിനെ റൂമിൽ നിന്ന് പുറത്തേക്ക് തള്ളി ഇറക്കി വിടുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.റഷീദിനോട് അസഭ്യം പറയുകയും കയർത്ത് സംസാരിക്കുകയും ചെയ്ത എസ് ഐ മുഹമ്മദ്‌ ബഷീറിന്റെ നടപടികൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമര പരിപാടികൾ നടത്താൻ എൽ ഡി എഫ് പഞ്ചായത്ത്‌ കമ്മറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ എം കെ ഷാജി, ടി കെ മോഹനൻ, കെ പി സുനീഷ്, കെ എ സന്തോഷ്‌,ബെന്നി പ്ലാക്കൂട്ടം,നൗഷാദ് എം ഐ,ജോസ് മാത്യു ഈറ്റക്കുന്നേൽ എന്നിവർ സംസാരിച്ചു.