ശങ്കരപ്പിള്ളി: കാക്കൊമ്പ് -നെല്ലാനിക്കൽ പാലം-ശങ്കരപ്പള്ളി റോഡിലെ കുഴികൾ നാട്ടുകാർ ശ്രമദാനത്തിലൂടെ മണ്ണിട്ട് താത്കാലികമായി നികത്തി.റോഡിലെ കുഴികൾ മൂലം തിരക്കുള്ള ഈ റോഡിലൂടെയുള്ള ഗതാഗതം ഏറെ ദുഷ്കരമായിരുന്നു. എം വി ഐപി യുടെ അധീനതയിലുള്ള സ്ഥലത്തൂടെയാണ് ഈ റോഡ് കടന്നു പോകുന്നത് എന്നതിനാൽ വർഷങ്ങളായി ടാറിങ്ങ് ഉൾപ്പടെയുള്ള പണികൾ നടത്താൻ അധികൃതർ ശ്രമിക്കാറുമില്ല. മുട്ടം -കുടയത്തൂർ പഞ്ചായത്തുകളുടെ അതിരുകൾ പങ്കിടുന്ന റോഡാണിത്. സമീപത്തുള്ള മറ്റ് റോഡുകൾ ടാർ ചെയ്തപ്പോഴും ഈ റോഡിനോട് മാത്രം അധികൃതർ അവഗണന കാണിക്കുകയായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു.മഴ ശക്തമായി ഗതാഗതം ബുദ്ധിമുട്ടിലായതോടെയാണ് നാട്ടുകാർ കുഴികൾ നികത്തിയത്. ശ്രീജിത്ത്, നാട്ടുകാരായ ചന്ദ്രബാബു, എൻ.ആർ.ശ്രീനി, ഷാജിജോസഫ്, കാരംകുന്നേൽ ബിജു ,മേട്ടുംപുറത്ത് ബിജു, ശ്യാം , വിൻസെൻ്റ് എന്നിവർ നേതൃത്വം നൽകി.