തൊടുപുഴ: തൊടുപുഴക്കാരുടെ പ്രിയപ്പെട്ട ഔസേപ്പച്ചൻ എമ്പതിന്റെ നിറവിൽ. ഈ പ്രായത്തിലും കൃഷിയും സംഗീതവുമാണ് ജോസഫിന്റെ ജീവാത്മാവ്. കൊവിഡടക്കം വന്നുപോയെങ്കിലും കേരളത്തിലെ തലമുതിർന്ന ഈ രാഷ്ട്രീയനേതാവിന് ഇപ്പോഴും ചുറുചുറുക്കിന് ഒരു കുറവുമില്ല. പതിവുപോലെ പുലർച്ചെ നാല് മണിക്ക് എഴുന്നേൽക്കും. പ്രഭാതകർമങ്ങൾക്ക് ശേഷം ബി.ബി.സി പോലുള്ള അന്താരാഷ്ട്ര ചാനലുകൾ കാണും. പിന്നെ നേരെ മുറ്റത്തോട് ചേർന്നുള്ള തൊഴുത്തിലേക്ക്. അവിടെ പാട്ടുപെട്ടിയിൽ നിന്ന് പഴയ പാട്ടുകൾ ഒഴുകിയെത്തുന്നുണ്ടാകും. ചൂട് കുറയ്ക്കാൻ തൊഴുത്തിൽ ഫാനുമുണ്ട്. പശുക്കളെയെല്ലാം പേരെടുത്ത് വിളിച്ച് വിശേഷം ചോദിക്കും. പണിക്കാർക്ക് വേണ്ട നിർദേശങ്ങൾ നൽകും. ജില്ലയിൽ തന്നെ ഏറ്റവുമധികം പാൽവിൽക്കുന്ന ക്ഷീരകർഷകനാണ് ജോസഫ്. പിന്നീട് പുരയിടത്തിലേക്ക്. ഇവിടം വിവിധ കൃഷികളുടെ സംഗമഭൂമിയാണ്. ഒരു ചെടി വാടിയിൽ ജോസഫിന്റെ മുഖം വാടും. എവിടെ പോയാലും ഒരു പുതിയ ചെടിയുമായാകും ജോസഫ് പാലത്തിനാൽ വീട്ടിലേക്ക് വരിക. അതാണ് കൃഷിയുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം.
ഭക്ഷണകാര്യത്തിൽ മീനും പച്ചക്കറികളുമാണ് ജോസഫിന് പ്രിയം. വാഴച്ചുണ്ട്, ചീര തുടങ്ങിയ ഇനങ്ങളോടാണ് വലിയ താത്പര്യം. ഒരുവിധപ്പെട്ട പച്ചക്കറികളെല്ലാം ജൈവരീതിയിൽ സ്വന്തമായി ഉത്പാദിപ്പിക്കുന്നുണ്ട്. അതാണ് ജോസഫിന്റെ ആരോഗ്യ രഹസ്യവും.
തൊടുപുഴയ്ക്ക് പ്രിയങ്കരൻ
തൊടുപുഴയിൽ നിന്ന് പി.ജെ. ജോസഫിനെയും ജോസഫിൽ നിന്ന് തൊടുപുഴയെയും വേർപ്പെടുത്താനാകില്ല. 1970ൽ എം.എൽ.എയായപ്പോൾ തുടങ്ങിയ ആത്മബന്ധം അടരാതെ ഇന്നും അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. തൊടുപുഴയെ ഇന്ന് കാണുന്ന നഗരമാക്കിയത് ജോസഫാണെന്ന് എതിരാളികൾ പോലും സമ്മതിക്കും. മറ്റു നഗരങ്ങളെ അപേക്ഷിച്ച് ഏഴോളം ബൈപാസുകൾ തൊടുപുഴയിലുണ്ടായതും ജോസഫിന്റെ മാത്രം ഭരണ മികവാണ്. തൊടുപുഴയുടെ കൂടി സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ജോസഫ് 1984 ൽ ഗാന്ധിജി സ്റ്റഡി സെന്റർ എന്ന പേരിൽ പഠന ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്. സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ എല്ലാവർഷവും തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന കാർഷികമേള ഇതിനോടകം തന്നെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 2005ൽ നടന്ന കാർഷിക മേള ഇന്ത്യൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാമായിരുന്നു ഉദ്ഘാടനം ചെയ്തത്.