തൊടുപുഴ: പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ചും സംസ്ഥാന വനിതാ സെൽ നിറുത്തലാക്കിയതിനെതിരെയും മരംമുറി സംഭവത്തിൽ ജുഡീഷണൽ അന്വേഷണം ആവശ്യപ്പെട്ടും ഇന്ന് രാവിലെ 10ന് കേരളാ വനിതാ കോൺഗ്രസിന്റെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ അറിയിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അന്വേഷിക്കാൻ രൂപം നൽകിയ സംസ്ഥാന വനിതാസെൽ അടച്ചു പൂട്ടിയ നടപടിയിൽ നിന്നും സർക്കാർ പിൻമാറണമെന്നും ഷീല സ്റ്റീഫൻ ആവശ്യപ്പെട്ടു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ 1994 ലാണ് വനിതാ സെൽ രൂപീകരിച്ചത്. പിന്നീട് എല്ലാ ജില്ലകളിലും വനിത സ്‌പെഷ്യൽ സെല്ലുകളും അരംഭിച്ചിരുന്നു. ദിവസേന നൂറു കണക്കിനു പരാതികൾ വനിതാ സെല്ലുകളിലേക്ക് ലഭിച്ചുകൊണ്ടിരിക്കെ ഇതു നിറുത്തലാക്കുന്ന നടപടി ഉചിതമല്ല. സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോഴും ഇത്തരം പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച സംസ്ഥാന വനിതാ സെല്ലിന്റെ പ്രവർത്തനം കാര്യക്ഷമമായും എല്ലാവർക്കും നീതി ഉറപ്പാക്കുന്ന വിധത്തിലും നടപ്പാക്കണം. സംസ്ഥാന വനിതാ സെല്ലിന്റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കണമെന്നും ഷീലാ സ്റ്റീഫൻ ആവശ്യപ്പെട്ടു.