തൊടുപുഴ: രാവിലെ എഴുന്നേറ്റാൽ അന്ന് കൊവിഡ് വാക്സിനേഷൻ എടുക്കേണ്ടവരെയെല്ലാം വിളിച്ച് സെന്ററുകളിൽ കൃത്യസമയത്ത് എത്തുമെന്ന് ഉറപ്പ് വരുത്തണം. അസൗകര്യമുള്ളവർക്ക് പകരം ആളെ ഏർപ്പാടാക്കണം. കൊവി‌ഡ് വാക്സിനേഷൻ നടക്കുമ്പോൾ സെന്ററിലുണ്ടാകണം. അറിയിപ്പ് കിട്ടാതെ വന്നവർ പ്രശ്നമുണ്ടാക്കിയാൽ അവരെ സമാധാനിപ്പിച്ച് പറഞ്ഞയക്കണം. മേഖലയിലെ കൊവിഡ് രോഗികളുടെ വിവരങ്ങൾ തിരക്കണം. അവർക്ക് വേണ്ട മരുന്നടക്കമുള്ള സഹായങ്ങൾ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ എത്തിച്ചു നൽകണം. പ്രമേഹമടക്കമുള്ള ജീവിതശൈലി രോഗമുള്ളവർക്കും കിടപ്പ് രോഗികൾക്കും വീടുകളിൽ മരുന്ന് എത്തിക്കണം. ഗർഭിണികൾ അവരുടെ കുത്തിവയ്പ്പുകളും പരിശോധനകളും കൃത്യസമയത്ത് നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുഞ്ഞുങ്ങൾക്ക് അതത് പ്രായത്തിലുള്ള വാക്സിനേഷനുകൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം. പ്രതിരോധമരുന്നുകൾ വീടുകളിൽ എത്തിക്കണം. പരിസര ശുചീകരണവും കിണർ ക്ലോറിനേഷനും നടത്തി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. പഞ്ചായത്തുകളുടെ വിവിധ ആരോഗ്യ സർവേ നടത്തണം. ഇതിനിടെ മാസത്തിൽ രണ്ട് ദിവസം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യണം.അങ്ങനെ നിന്ന് തിരിയിയാൻ നേരമില്ലാത്ത രീതിയിലുള്ള ജോലിത്തിരക്ക്.....

ജില്ലാ മെഡിക്കൽ ആഫീസറുടെയോ ഹെൽത്ത് ഇൻസ്പെക്ടറുടെയോ ജോലികളല്ല മേൽപ്പറഞ്ഞവ. നിങ്ങളുടെ വാർഡിലെ ഒരു ആശ വർക്കർ എല്ലാ ദിവസവും ചെയ്യേണ്ട കാര്യങ്ങളിൽ ചിലത് മാത്രമാണിവ. 24 മണിക്കൂർ ചെയ്താലും തീരാത്ത ജോലി. അതിനെന്താ ശമ്പളം എമ്പിടി കാണുമല്ലോ എന്നാണെങ്കിൽ കേട്ടോളൂ... ദിവസം 250 രൂപ പോലുമില്ല ഇവർക്ക് കിട്ടുന്ന ഓണറേറിയം. എല്ലാ മാസവും കൃത്യമായി നൽകേണ്ട ഈ തുക രാപ്പകൽ ജോലി ചെയ്യുന്ന ഈ പാവങ്ങൾക്ക് ലഭിക്കുന്നതാകട്ടെ മൂന്നും നാലും മാസം കൂടുമ്പോൾ. മേലുദ്യോഗസ്ഥർക്കെല്ലാം ശമ്പളം കൃത്യമായി കിട്ടുമ്പോഴാണ് നിശബ്ദ കൊവിഡ് പോരാളികളായ ഇവരുടെ ഗതികേട്.

തൊഴിലുറപ്പാ ഭേദം സാറേ...

'ഞാൻ ഈ ജോലി നിറുത്തുവാ സാറേ... രാവും പകലും ഭേദമില്ലാതെ ജോലി ചെയ്താലും കുടുംബം പോറ്റാനുള്ളത് പോലും തികച്ച് കിട്ടില്ല. തൊഴിലുറപ്പ് ജോലിക്ക് പോകുന്നതാ ഇതിലും ഭേദം. "- ഗതികെട്ട് ഒരു ആശാ വർക്കർ പഞ്ചായത്ത് വൈസ് പ്രസിഡന്റിനോട് പറഞ്ഞ വാക്കുകളാണിത്. തൊഴിലിന് പോയിട്ടും വീട്ടുകാര്യങ്ങൾ പോലും നോക്കാൻ സമയം കിട്ടുന്നില്ലെന്ന് ഇവർ പറയുന്നു. സ്വന്തമായി വാഹനങ്ങളില്ലാത്തവരാണ് ഭൂരിഭാഗവും. ഇവരെല്ലാം നടന്ന് വീടുകളിലെത്തി വേണം സേവനം ചെയ്യാൻ. സ്വന്തമായി ഫോൺ റീചാർജ് ചെയ്ത് വേണം വാക്സിനേഷനടക്കമുള്ള കാര്യങ്ങൾക്കായി ഓരോരുത്തരെ വിളിക്കാൻ.

ശമ്പളം കിട്ടിയിട്ട് മാസങ്ങൾ
2009ലാണ് സന്നദ്ധപ്രവർത്തകർ എന്ന നിലയിൽ ആശ (ASHA- Accredited Social Health Activists) പ്രവർത്തകരെ നിയോഗിക്കുന്നത്. കൊവിഡ് വന്നതോടെയാണ് ആശവർക്കർമാരുടെ ജോലി ഭാരം ഇരട്ടിയായത്. നിലവിൽ സംസ്ഥാന സർക്കാരിന്റെ 5000 രൂപയും കേന്ദ്രസർക്കാരിന്റെ 2000 രൂപയും ചേർത്ത് ആകെ 7000 രൂപയാണ് ഓണറേറിയം. ഏപ്രിലിലാണ് അവസാനമായി ഓണറേറിയം ലഭിച്ചത്. കൊവിഡ് കാല ഇൻസെന്റീവും കൃത്യമായി ലഭിക്കുന്നില്ല.

''രാത്രി ഒമ്പത് മണിയാകും ചിലപ്പോൾ വാക്സിനേഷൻ നൽകേണ്ട പ്രായക്കാരുടെ ലിസ്റ്റ് ലഭിക്കുമ്പോൾ. തങ്ങളുടെ മേഖലയിലുള്ള ഈ പ്രായത്തിലുള്ളവരെ മുൻഗണനാ ക്രമത്തിൽ കണ്ടെത്തി രാത്രി തന്നെ വിളിക്കണം. വാക്സിനേഷൻ കൂടി ആരംഭിച്ചതോടെയാണ് ജോലി ഭാരം ഇത്രയധികം വർദ്ധിച്ചത്.'

-സെലീന, ആശ വർക്കർ