തൊടുപുഴ: പ്രത്യേക പരിഗണന അവശ്യമുള്ള കുട്ടികളെ കണ്ടെത്തി സംരക്ഷണം ഉറപ്പാക്കാൻ കാവൽ പ്ലസ് പദ്ധതിയുമായി വനിതാ ശിശുവികസന വകുപ്പ്. സംരക്ഷിക്കാൻ ആരുമില്ലാത്തവർ, ബാലവിവാഹം പോലുള്ളവയുടെ ഇരകൾ, ശിശു സംരക്ഷണ സമിതി മുമ്പാകെ എത്തുന്ന ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾ, ലൈംഗികാതിക്രമത്തിന് ഇരയായായവർ തുടങ്ങിയവർക്ക് സാമൂഹ്യ ഇടപെടൽ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയാണിത്. മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി ഏർപ്പെടുത്തിയ കാവൽ പദ്ധതിയുടെ അനുബന്ധമാണിത്. ആവശ്യമായ പരിചരണം, പുനരധിവാസം, കൗൺസിലിംഗ് തുടങ്ങിയ നൽകി സാധാരണ ജീവിതത്തിലേക്ക് ഇവരെ തിരികെ കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മേഖലയിൽ പ്രവത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വകുപ്പിന്റെ നേതൃത്വത്തിൽ താലൂക്കുകൾ തോറും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ ഉൾപ്പെടുത്തുന്നത്. വീട്ടിലെ സാഹചര്യങ്ങളും മറ്റും മോശമായതിനെ തുടർന്ന് ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികളെ അവരുടെ നില മെച്ചെപ്പെടുത്തി രക്ഷിതാക്കൾക്ക് ബോധവത്കരണമടക്കം നൽകി വീട്ടിലേക്ക് തിരികെ അയക്കുന്നതടക്കമുള്ള കാര്യങ്ങളാണ് കാവൽ പ്ലസ് ലക്ഷ്യമിടുന്നത്.

ജില്ലയിൽ 1200 കുട്ടികൾ

ജില്ലയിൽ 55 ശിശു സംരക്ഷണ സ്ഥാപനങ്ങളിലായി ആകെ 1200 കുട്ടികളാണ് ഉള്ളത്. ഇവരിൽ ഏതെങ്കിലും തരത്തിൽ ഇരകളാക്കപ്പെട്ട 400 പേർ മാത്രമാണ് ഉള്ളത്.

''ബാക്കിയുള്ളവരെയാകും കൗൺസിലിങ്ങിനും വീട്ടിലെ സാഹചര്യങ്ങൾ മനസിലാക്കിയതിനും ശേഷം മടക്കിയക്കു. ജൂലായ് മാസത്തോടെ തന്നെ ജില്ലയിൽ പദ്ധതി തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. പദ്ധതി നടത്തിപ്പിനായി ജില്ലയിൽ പ്രവർത്തിക്കാൻ സന്നദ്ധരായ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ച് നടപടി പുരോഗമിക്കുകയാണ്.'

എം.യു. ഗീത (ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ആഫീസർ)