തൊടുപുഴ: അടച്ചു പൂട്ടിയ സംസ്ഥാന വനിതാസെൽ തുറന്ന് പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരളകോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. വനിതാ കോൺഗ്രസിന്റെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാ സെല്ലിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ അലംഭാവം കാണിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അടച്ചു പൂട്ടിയ സംസ്ഥാന വനിതാ സെൽ തുറന്ന് പ്രവർത്തിക്കണമെന്നും പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടും മുട്ടിൽ മരംമുറി സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുമായിരുന്നു പ്രതിഷേധ ധർണ. യോഗത്തിൽ കേരള വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മറിയമ്മ ബെന്നി, സംസ്ഥാന ജനറൽ സെക്രട്ടറി ബീന ബിജു, ജില്ലാ പഞ്ചായത്ത് മെമ്പർ, സി.വി. സുനിത. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്, ഗ്ളോറി പൗലോസ് എന്നിവർ സംസാരിച്ചു.