joseph

തൊടുപുഴ: പുറപ്പുഴ പാലത്തിനാൽ വീട്ടിലെ ഫോണിന് ഇന്നലെ വിശ്രമമില്ലായിരുന്നു. എൺപതാം പിറന്നാൾ ആഘോഷിക്കുന്ന കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന് രാവിലെ മുതൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും ആശംസാപ്രവാഹമായിരുന്നു. അതിനെല്ലാം മറുപടി നൽകുമ്പോഴും ജോസഫിനിത് സാധാരണ ദിവസമായിരുന്നു. കേക്കും പൂക്കളുമൊക്കെയായി പ്രവർത്തകർ വീട്ടിലെത്തി ആശംസകളർപ്പിച്ചു. മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം പിറന്നാൾ സദ്യയുണ്ടു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുറപ്പുഴയിലെ വീട്ടിലെത്തി ഒരുമിച്ച് കേക്ക് മുറിച്ചു. ഇരുവരും അരമണിക്കൂറോളം മുറിയിൽ ഒറ്റയ്ക്ക് സംസാരിച്ചു. ഡീൻ കുര്യാക്കോസ് എം.പി, മോൻസ് ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, റോയ് കെ. പൗലോസ്, എസ്. അശോകൻ, സി.പി. മാത്യു, അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ, ടി.യു. കുരുവിള എന്നിവർ വീട്ടിൽ എത്തി ആശംകളറിയിച്ചു. ഫോണിൽ മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി, സ്പീക്കർ എം.ബി. രാജേഷ്, മന്ത്രിമാരായ മുഹമ്മദ് റിയാസ്, ആന്റണി രാജു, രമേശ് ചെന്നിത്തല, വി.എം. സുധീരൻ, എം.എം. ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മതമേലദ്ധ്യൻമാരായ കർദ്ദിനാൾ ക്ലിമ്മീസ്, മാർ മാത്യു അറയ്ക്കൽ, മാർ ജോർജ് മഠത്തിക്കണ്ടം എന്നിവർ ആശംസകൾ അറിയിച്ചു.