തൊടുപുഴ: തിരഞ്ഞെടുപ്പിന്റെ ആവേശത്തിന് ശേഷം ഇന്നലെ പുറപ്പുഴ പാലത്തിനാൽ വീട്ടിലാകെ ഉത്സവമേളമായിരുന്നു. രാവിലെ എൺപതാം ജന്മദിനം ആഘോഷിക്കുന്ന തങ്ങളുടെ പ്രിയ നേതാവിനെ തേടി പ്രവർത്തകർ പുറപ്പുഴയിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. ആഘോഷമൊന്നും വേണ്ടെന്ന് നേരത്തെ തന്നെ പ്രവർത്തകരോട് പറഞ്ഞിരുന്നു പി.ജെ. ജോസഫ്. അതിനാൽ തന്നെ പതിവ് ചിട്ടകൾക്കൊന്നും മാറ്റമുണ്ടായില്ല. പുലർച്ചെ നാലിന് തന്നെ ഉണർന്ന ജോസഫ്, പതിവുപോലെ തൊഴുത്തിലും കൃഷിയിടത്തിലുമെല്ലാം ചുറ്റിക്കുറങ്ങി തിരികെയെത്തി. തുടർന്ന് ടി.വിയിൽ വാർത്ത കാണൽ, പിന്നെ പത്രം വായന. അപ്പോഴേക്കും കേക്കും പൂക്കളുമൊക്കെയായി പ്രവർത്തകർ വീട്ടിലെത്തി തുടങ്ങിയിരുന്നു. അൽപ്പനേരം അവർക്കൊപ്പം സന്തോഷം പങ്കിട്ടു. പത്ത് മണിക്ക് ശേഷം വനിതാ കോൺഗ്രസിന്റെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യാനായി പി.ജെ പുറപ്പെട്ടു. ഇവിടെ വനിതാ പ്രവർത്തകർ പിറന്നാൾ കേക്കും കരുതിയിരുന്നു. എന്നാൽ അത് സ്‌നേഹത്തോടെ നിരസിച്ച ജോസഫ് പ്രതിഷേധത്തിനിടെ കേക്ക് മുറിക്കുന്നത് അനുചിതമാകുമെന്ന് പ്രവർത്തകരോട് പറഞ്ഞു. ധർണ ഉദ്ഘാടനം ചെയ്ത് മടങ്ങിയ ശേഷം വനിതാ പ്രവർത്തകർ ജനങ്ങൾക്ക് ലഢു വിതരണം ചെയ്തു. മുറിക്കാനിരുന്ന കേക്ക് മാദ്ധ്യമപ്രവർത്തകർക്കും സമ്മാനിച്ചു. ജോസഫ് തിരികെ വീട്ടിലെത്തുമ്പോൾ ഡീൻ കുര്യാക്കോസ് എം.പി ആശംസയറിയിക്കാൻ കാത്തുനിൽപ്പുണ്ടായിരുന്നു. ഉച്ചയോടെ മക്കളും കൊച്ചുമക്കളുമെല്ലാം പാലത്തിനാൽ വീട്ടിലെത്തി. എല്ലാവർക്കുമൊപ്പം പിറന്നാൾ സദ്യയുണ്ടു. ശേഷം ഉച്ചമയക്കം. വൈകിട്ട് 5.30ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുറപ്പുഴയിലെ വീട്ടിലെത്തി. മോൻസ് ജോസഫ് എം.എൽ.എ, പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫ്, പാർട്ടി ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ് എന്നിവർ ചേർന്ന് പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചു. തുടർന്ന് വി.ഡി. സതീശൻ ജന്മദിന കേക്ക് മുറിക്കുകയും പി.ജെ. ജോസഫിന് മധുരം നൽകുകയും ചെയ്തു. ജന്മദിനാശംസംകൾ നേർന്ന സതീശൻ, പി.ജെ. ജോസഫ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണെന്ന് പറഞ്ഞു. ജോസഫിന്റെ കരുത്തിൽ യു.ഡി.എഫ് തിരികെ വരുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് പി.ജെ. ജോസഫും മറ്റു നേതാക്കളുമായി അരമണിക്കൂറോളം ചർച്ച നടത്തി. ഇതിനിടെ പി.ജെ.ജോസഫിന്റെ ഭാര്യ ഡോ. ശാന്തയുമായും കുശലാന്വേഷണം നടത്തി. പ്രതിപക്ഷ നേതാവായശേഷം ഇടുക്കി ജില്ലയിൽ ആദ്യമായെത്തുന്ന വി.ഡി.സതീശനെ തൊടുപുഴ രാജീവ് ഭവനിൽ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്നാണ് പി.ജെ.ജോസഫിന്റെ വസതിയിൽ എത്തിയത്. ഡീൻ കുര്യാക്കോസ് എം.പി, ഇബ്രാഹിംകുട്ടി കല്ലാർ, റോയി കെ.പൗലോസ്, എസ്. അശോകൻ, സി.പി. മാത്യു തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മുൻ എം.പി കെ. ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ, ടി.യു. കുരുവിള, മാത്യു സ്റ്റീഫൻ എന്നിവരും വീട്ടിലെത്തി ആശംസകൾ നേർന്നു. പ്രമുഖ രാഷ്ട്രീയനേതാക്കളും മതമേലദ്ധ്യക്ഷന്മാരും ഫോണിലൂടെയും ആശംസകൾ നേർന്നു.