മൂന്നാർ: സംസ്ഥാനത്ത് കൊവിഡ് കേസുകളൊന്നുമില്ലാത്ത ഇടമലക്കുടി പഞ്ചായത്തിലെത്തിൽ യുട്യൂബറെ എത്തിച്ച ഡീൻ കുര്യാക്കോസ് എം.പിക്കെതിരെ പരാതി. സംരക്ഷിത വനമേഖലയ്ക്കുള്ളിൽ കടന്ന് വനത്തിന്റെയും ആദിവാസികളുടെയും ദൃശ്യങ്ങൾ ചിത്രീകരിച്ച യുട്യൂബ് ചാനൽ ഉടമ സുജിത് ഭക്തൻ, ഇയാളെ കുടിയിലെത്തിച്ച ഡീൻ കുര്യാക്കോസ് എം.പി എന്നിവർക്കെതിരെ എ.ഐ.വൈ.എഫ് ദേവികുളം മണ്ഡലം പ്രസിഡന്റ് എൻ. വിമൽരാജാണ് മൂന്നാർ ഡിവൈ.എസ്.പി, സബ്കളക്ടർ എന്നിവർക്ക് പരാതി നൽകിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ എംപി. പുറത്തു നിന്നുള്ളവരെ അനാവശ്യമായി കുടിയിൽ പ്രവേശിപ്പിച്ചത് രോഗവ്യാപനത്തിന് കാരണമാകുമെന്നും എം.പിയുൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഇതുവരെയും കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ട്രൈബൽ സ്‌കൂളിന്റെ നിർമാണോദ്ഘാടനത്തിനാണ് പോയതെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. സ്‌കൂളിലേക്ക് ആവശ്യമുള്ള ടി.വി നൽകിയത് സുഹൃത്തായ യൂട്യൂബ് ഉടമയാണ്. താൻ ക്ഷണിച്ച പ്രകാരമാണ് അയാൾ ഇടമലക്കുടിയിലെത്തിയത്. മറിച്ചുള്ള അരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.