നെടുങ്കണ്ടം: വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാതെ എത്തിയ ഇരുചക്ര വാഹനം പിടികൂടിയ പൊലീസിനെ ആക്രമിക്കാൻ ശ്രമം. പൊലീസ് സ്റ്റേഷൻ വളപ്പിൽ സംഘർഷവസ്ഥ സൃഷ്ടിച്ച രണ്ടംഗ സംഘത്തിനെതിരെ നെടുങ്കണ്ടം പൊലീസ് കേസെടുത്തു. വള്ളോൻകുന്നേൽ അജിത്ത് (29), ബ്ലോക്ക് 717ൽ അനൂപ് (37) എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഞായറാഴ്ച തൂക്കുപാലത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് നെടുങ്കണ്ടം പൊലീസ് കേസെടുത്തത്. ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിക്കാതെ എത്തിയതിനാലും വാഹനത്തിന്റെ രേഖയും ലൈസൻസും ഇല്ലാത്തതിനാലുമാണ് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്. വാഹനത്തിന്റെ രേഖകൾ സ്റ്റേഷനിൽ ഹാജരാക്കിയാൽ വിട്ടു നൽകാമെന്നും പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി അജിത്തും അനൂപും സ്റ്റേഷനിലെത്തി. വാഹനം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടു. ഇരുവരും മദ്യപിച്ചിരുന്നതിനാൽ ലൈസൻസുള്ളയാളെ എത്തിച്ചാൽ വാഹനം നൽകാമെന്ന് പറഞ്ഞ ശേഷം എസ്‌.ഐ സ്റ്റേഷനിൽ നിന്ന് പുറത്തേക്കു പോയി. എസ്‌.ഐ മടങ്ങിയതിനു പിന്നാലെയാണ് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ഇരുവരും ചേർന്ന് സംഘർഷവസ്ഥ സൃഷ്ടിച്ചത്. സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിനും കൊവിഡ് നിയമം ലംഘിച്ചതിനും ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു.രാത്രി 11 വരെ പൊലീസ് സ്റ്റേഷൻ വളപ്പിൽ ഇരുവരും സംഘർഷാവസ്ഥ സൃഷ്ടിച്ചതായി നെടുങ്കണ്ടം പൊലീസ് അറിയിച്ചു. പ്രതികളെ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. ഇവർ സഞ്ചരിച്ച ബൈക്കിൽ സൂക്ഷിച്ചിരുന്ന കള്ള് പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.