തൊടുപുഴ: കെട്ടിടത്തിന്റെ ആർച്ചും ബോർഡും അടർന്ന് നഗരത്തിൽ വീണ് പാർക്ക് ചെയ്തിരുന്ന കാർ തകർന്നു. തൊടുപുഴ ടാക്‌സി സ്റ്റാൻഡിന് സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടസമുച്ചയത്തിന് മുന്നിലെ ആർച്ചും ജൂവലറിയുടെ ബോർഡുമാണ് ഇന്നലെ രാത്രി എട്ടോടെ വലിയ ശബ്ദത്തോടെ അടർന്നു വീണത്. കെട്ടിടത്തിനു മുന്നിൽ പാർക്കു ചെയ്തിരുന്ന വെങ്ങല്ലൂർ അഞ്ചുകണ്ടത്തിൽ ടോം തോമസിന്റെ കാറാണ് തകർന്നത്. വലിയ ശബ്ദവും പുകയും ആയതോടെ പരിഭ്രാന്തരായി ആളുകൾ ഓടിക്കൂടി. സഹകരണ ബാങ്കും ജൂവലറിയും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ലോക്ക് ഡൗൺ നിയന്ത്രണം മൂലം രാത്രി ഏഴിന് സ്ഥാപനങ്ങൾ അടച്ചിരുന്നു. പതിവായി ഇതിനു മുന്നിലെ വരാന്തയിൽ ആളുകൾ ഇരിക്കാറുണ്ടായിരുന്നെങ്കിലും ഈ സമയം ആരുമില്ലാതിരുന്നതിനാലും കാറുടമ വാഹനത്തിന് പുറത്തായിരുന്നതു മൂലവും വലിയ ദുരന്തം ഒഴിവായി. രാവിലെ പത്രവിതരണക്കാർ പത്രക്കെട്ടുകൾ വിതരണത്തിനായി തരം തിരിക്കുന്നതും ഇവിടെ വച്ചാണ്.