തൊടുപുഴ: ലഹരി വിരുദ്ധവാരാചരണത്തോടനുബന്ധിച്ച് സംസ്ഥാനതല ബോധവത്ക്കരണ പരിപാടികൾ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ വെബിനാറിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12 ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ കളക്ടറേറ്റിൽ നിർവ്വഹിക്കും. ''വർജിക്കാം ലഹരിയെ കരുതാം ഇടുക്കിയെ'' എന്ന മുദ്രാവാക്യമുയർത്തി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വെബിനാറുകൾ, ബോധവത്ക്കരണ പരിപാടികൾ തുടങ്ങി സമൂഹത്തിന്റെ താഴെ തട്ടിൽ വരെ എത്തിക്കുന്ന തരത്തിലുളള പരിപാടികളാണ് ജില്ലയിൽ സംഘടിപ്പിച്ചിട്ടുളളത്.
ജില്ലയിലെ മുഴുവൻ എൻ.എസ്.എസ് വാളണ്ടിയേഴ്‌സ്, പാരാ ലീഗൽ വോളണ്ടിയേഴ്‌സ്, എസ്.സി/എസ്.ടി പ്രൊമോട്ടർമാർ, സാമൂഹ്യ പ്രവർത്തന വിദ്യാർത്ഥികൾ, സ്‌കൂൾ ലഹരി വിമുക്ത ക്ലബ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ വരെ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. കളക്ടർ എച്ച്. ദിനേശൻ മുഖ്യപ്രഭാഷണവും ഡി.എൽ.എസ്.എ സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജുദ്ദീൻ ദിനാചരണ സന്ദേശവും നൽകും. എക്‌സൈസ്, പട്ടിക ജാതി വികസന വകുപ്പ്, നാഷണൽ സർവ്വീസ് സ്‌കീം എന്നിവയുടെ പ്രതിനിധികൾ ചടങ്ങിൽ ആശംസകൾ നേരും. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പി.എച്ച് ഉമ്മർ വിഷയാവതരണം നടത്തും.