ഇടുക്കി: കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി യിൽ ജൂലായ് ഒന്നു മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. കാർഷിക യന്ത്രങ്ങൾക്ക് 40 മുതൽ 80 ശതമാനം വരെ സബ്‌സിഡി നൽകി യന്ത്രവല്കൃത കൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. https://agrimachinery.nic.in/index എന്ന വെബ്‌സൈറ്റിൽ കൂടി ഇതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ നടത്താം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ട ഗുണഭോക്താക്കൾക്ക് മുൻഗണന.

എല്ലാ വിധ കാർഷിക യന്ത്രോപകരണങ്ങളും കൂടാതെ വിളസംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധയിനം ഡ്രയറുകൾ, നെല്ല് കുത്തുന്ന മില്ലുകൾ, ധാന്യങ്ങൾപൊടിക്കുന്നയന്ത്രങ്ങൾ, ഓയിൽമില്ലുകൾ തുടങ്ങിയവയെല്ലാം ഈ പദ്ധതിയിൻ കീഴിൽ ലഭ്യമാണ്. അംഗീകൃത കർഷക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം നിരക്കിൽ പദ്ധതി നിബന്ധനകളോടെ 8 ലക്ഷം രൂപ വരെയും കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി പദ്ധതി തുകയുടെ 40 ശതമാനം വരെയും സബ്‌സിഡി ലഭിക്കും.

ഓൺലൈനായി രജിസ്റ്റർ ചെയ്തു മെഷീൻ വാങ്ങി കഴിഞ്ഞാൽ അതാതു ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്നും പരിശോധന നടത്തിയാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യം എന്ന മുറയ്ക്കാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. സാമ്പത്തിക സഹായം കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്ന രീതിയായതിനാൽ ഈ പദ്ധതിയുടെ ഒരു ഘട്ടത്തിലും ഗുണഭോക്താവ് സർക്കാർ ഓഫീസിൽ വരേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കായി മുകളിൽ പറഞ്ഞ വെബ്‌സൈറ്റ് സന്ദർശിക്കുകയോ അടുത്തുള്ള കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ കൃഷി ഭവനുമായോ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.7012380602,8590926907,8075255412,9895440373. aeeagriidk@gmail.com.