തൊടുപുഴ: അപകടകരമായ വേഗതയിൽ വാഹനങ്ങൾ റോഡിലൂടെ ചീറിപ്പായുന്നു.കോവിഡ് വ്യാപന ഭീതിയിലും സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്നും ജനങ്ങൾ റോഡിൽ കുറവാണെങ്കിലും വാഹനങ്ങൾ ഭയാനകമായ വേഗതയിലാണ് റോഡിലൂടെ പായുന്നത്.തൊടുപുഴ -മൂലമറ്റം റൂട്ടിലാണ് ഇത്തരം സംഭവങ്ങൾ കൂടുതലായി കാണുന്നത്. കൊവിഡ് വ്യാപന പ്രതിസന്ധിയെ തുടർന്ന് പൊലീസിന്റേയും മോട്ടോർ വാഹന വകുപ്പ് അധികൃതരുടേയും റോഡിലെ വാഹന പരിശോധകൾ ഏതാനും മാസങ്ങളായി കുറഞ്ഞിരുന്നു.എന്നാൽ നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനെ തുടർന്ന് റോഡിൽ വാഹന പരിശോധന കാര്യക്ഷമമാക്കിയെങ്കിലും അധികൃതരുടെ കണ്ണിൽപെടാതെയാണ് ചിലർ വാഹനങ്ങളിൽ തലങ്ങും വിലങ്ങും പായുന്നത്.ആധുനിക സാങ്കേതിക രീതിയിൽ നിർമ്മിച്ചതാണ് തൊടുപുഴ മുതൽ അറക്കുളം വരെയുള്ള റോഡ്.ചിലയടങ്ങളിൽ ചെറിയ കുഴിയും മറ്റ് അപകടകരമായ വളവും- ഇറക്കവും-കയറ്റവുമുണ്ടങ്കിലും ഈ റോഡിലൂടെയുള്ള ഡ്രൈവിങ്ങ് ഏറെ എളുപ്പമാണ്. ഇത് വഴി കടന്ന് പോകുന്ന വാഹനങ്ങൾക്ക് അപകടകരമായ വേഗതയാണുള്ളത്.അതുകൊണ്ട്തന്നെ വാഹനാപകടങ്ങളും പതിവാണ്. തൊടുപുഴ-മുട്ടം റൂട്ടിൽ വാഹനാപകടങ്ങൾ വർദ്ധിച്ച് അനേകം ആളുകൾക്ക് ജീവഹാനി വന്നതിനെ തുടർന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകൾ സമൂഹ്യ-സംസ്ക്കാരിക സംഘടനകളുമായി ചേർന്ന് ശക്തമായ വാഹനപരിശോധനയും സ്ക്വാഡ് പ്രവർത്തനങ്ങളും നടത്തിയിരുന്നു.ഇതേ തുടർന്ന് ഈ റൂട്ടിൽ പ്രകടമായ മാറ്റവും സംഭവിച്ചിരുന്നു.

ന്യൂജൻ വാഹനങ്ങൾക്ക് അമിത വേഗത

തൊടുപുഴ-മൂലമറ്റം റൂട്ടിൽ അപകടാവസ്ഥയിൽ ചീറിപ്പായുന്നതിൽ കൂടുതലും രൂപ മാറ്റം വരുത്തിയതും-ന്യൂജൻ ഇരു ചക്ര വാഹനളുമാണ്.മലങ്കര ടൂറിസം ഹബ്ബ്, വാഗമൺ,ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കകല്ല്, തൊമ്മൻ കുത്ത്‌, പ്രദേശങ്ങളിലേക്ക് മറ്റ് സ്ഥലങ്ങളിൽ നിന്ന് എത്തുന്ന സഞ്ചരികളാണ് ഇത്തരത്തിലുള്ള വാഹനങ്ങളിൽ കൂടുതലായും ഇവിടേക്ക് എത്തുന്നത്.ജില്ലയിലെ ചില സർക്കാർ വകുപ്പുകളിലെ വാഹനങ്ങളും വേഗതയുടെ കാര്യത്തിൽ പിന്നിലല്ല.പൊലീസോ മറ്റ് അധികൃതരോ റോഡിൽ പരിശോധനക്കുണ്ടെന്ന് സിഗ്നൽ ലഭിക്കും എന്നതിനാൽ ചീറിപ്പായുന്നവരെ പിടികൂടാൻ പലപ്പോഴും കഴിയുന്നുമില്ല.മുന്നിലും പിന്നിലും സർക്കാരിന്റെ ബോർഡുള്ളതിനാൽസർക്കാർ വാഹനങ്ങൾക്ക് ഈ വാഹനങ്ങൾ ആരും നിയന്ത്രിക്കാൻ മുതിരാറുമില്ല.