തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാനും മുൻ മന്ത്രിയുമായ പി.ജെ.ജോസഫിന്റെ പുറപ്പുഴയിലെ പാലത്തിനാൽ വീട്ടിലേക്ക് പിറന്നാൾ ആശംസകളുടെ പ്രവാഹം. തിങ്കളാഴ്ച്ച തൊടുപുഴക്കാരുടെ ഔസേപ്പച്ചന് 80 വയസ് പൂർത്തിയായി. 1941 ജൂൺ 28 ന് കർഷക കുടുംബത്തിൽ ജോസഫ് - അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. പുറപ്പുഴ ഗവൺമെന്റ് എൽ.പി സ്‌കൂൾ, കോട്ടയം സേക്രട്ട് മൗണ്ട് സ്‌കൂൾ, ചങ്ങനാശ്ശേരി എസ്.ബി കോളേജ്, ചെന്നൈ ലയോള കോളേജ് , എറണാകുളം തേവര എസ്.എച്ച് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. സ്‌കൂൾ കോളേജ് വിദ്യാഭ്യാസ കാലത്തു തന്നെ കൃഷിയോടും ക്ഷീരമേഖലയോടും ആഭിമുഖ്യം പുലർത്തിയിരുന്നു. പഠനശേഷം ജന്മനാട്ടിൽ വായനശാലകൾ സംഘടിപ്പിച്ചിരുന്ന സാംസ്‌ക്കാരിക പരിപാടികളിൽ പ്രസംഗിക്കാൻ ജോസഫിനെ ക്ഷണിക്കുമായിരുന്നു. ഗാന്ധിജിയുടെ ആശയം ഉൾകൊണ്ടുള്ള ശൈലിയോടെയായിരുന്നു പ്രവർത്തനം. അക്കാലത്തെ തീപ്പോരി പ്രസംഗം ചെറുപ്പക്കാരെ അതിവേഗം ആകർഷിച്ചു. 1970ൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നിനച്ചിരിക്കാതെ തൊടുപുഴയിൽ സ്ഥാനാർത്ഥിയായി. സി.പി.എമ്മിലെ യു.കെ. ചാക്കോ, കോൺഗ്രസിലെ കെ.എം. എബ്രാഹം , കേരള കോൺഗ്രസിലെ പി.ജെ. ജോസഫും തമ്മിലായിരുന്നു മത്സരം .സെപ്തംബർ 17ന് 1635 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജോസഫ് വിജയിച്ചു. അത് രാഷട്രീയത്തിൽ വഴിത്തിരിവായി. നിയമസഭയിലേക്ക് 11 തവണ മത്സരിച്ചു. പത്ത് തവണ വിജയിച്ചു. 1978ൽ ആദ്യമായി മന്ത്രി സഭാംഗമായി. 8 മാസത്തോളം അഭ്യന്ത്യരമന്ത്രിയായി ചുമതല വഹിച്ചു. വിവിധ മന്ത്രി സഭകളിൽ റവന്യു, ഹൗസിംഗ്, പൊതുമരാമത്ത് , വിഭ്യാഭ്യാസം, രജിസ്‌ട്രേഷൻ, എക്‌സൈസ് വകുപ്പുകളുടെ ചുമതല വഹിച്ചു. തൊടുപുഴയുടെ ജനനായകനായ പി.ജെ. വികസന തേരാളികൂടിയാണ്. ചെറു പട്ടണമായിരുന്ന ഇവിടം വൻകിട നഗരമാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തി വരുന്നത്. മികച്ച ടൂറിസം പദ്ധതികളും, കൂടുതൽ ഗതാഗത സൗകര്യങ്ങളും ഒരുക്കി വിനോദ സഞ്ചാരികളെ തൊടുപുഴയിലേക്ക് ആകർഷിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. തൊടുപുഴയെ കേരളത്തിലെ മോഡൽ നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം.രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ നിരവധി പേർ വീട്ടിലെത്തിയും, ഫോൺ വിളിച്ചും പ്രിയങ്കരനായ പി.ജെ.ജോസഫിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടിരിക്കുകയാണ്.