suspended

കുമളി: രാജസ്ഥാൻ സ്വദേശിയായ പതിന്നാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കുമളി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐമാരായ ബെർട്ടിൻ ജോസ്, അക്ബർ സാദത്ത്, സ്ഥലംമാറിപ്പോയ എസ്.ഐ പ്രശാന്ത് പി. നായർ എന്നിവരെയാണ് തൊണ്ടി മുതൽ രേഖപ്പെടുത്താതിരുന്നതിന് എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ നവംബർ ഏഴിനാണ് വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ പതിന്നാലുകാരിയെ കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മൃതദേഹ പരിശോധനയിൽ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പോക്‌സോ വകുപ്പുകൾ കൂടി ചേർത്തു. എന്നാൽ, തൊണ്ടി മുതൽ മഹസറിൽ മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർ മനഃപ്പൂർവം ചേർത്തില്ലെന്ന രഹസ്യവിവരം ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ചു. സമാന്തരമായി നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടേതെന്ന് കരുതുന്ന ഫോൺ കണ്ടെത്തി. ഇൗ ഫോണിൽ ബന്ധപ്പെട്ടവരെ പീഡനകേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം ഉദ്യോഗസ്ഥർ നടത്തിയിരുന്നെന്ന റിപ്പോർട്ടും ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ചതായാണ് വിവരം.