തൊടുപുഴ: ചേലച്ചുവട് ആശുപത്രിയിൽ ഡോക്ടറെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബാംഗങ്ങളെ വേട്ടയാടുകയാണെന്ന് ബന്ധുക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മേയ് 14ന് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായെങ്കിലും ആരെയും മർദ്ദിക്കുകയോ ഉപകരണങ്ങൾ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. കോൺഗ്രസ് കുടുംബമായതിനാൽ സി.പി.എം പ്രദേശിക നേതൃത്വം ആശുപത്രി ആക്രമണ കേസിലൂടെ പകപോക്കുകയാണ്. ഡോക്ടറുടെ പരാതിയിൽ പറയുന്ന കാര്യങ്ങൾ ആശുപത്രിയിൽ ഉണ്ടായിട്ടില്ല. കുട്ടിക്ക് പനി കൂടിയപ്പോൾ ഡോക്ടർ ചികിത്സിക്കാൻ കഴിയില്ലെന്നാണു ഡോക്ടർ പറഞ്ഞത്. തുടർന്ന് സന്തോഷിന്റെ സഹോദരൻ ചോദ്യം ചെയ്തപ്പോൾ വാക്കേറ്റമുണ്ടായി. തുടർന്നാണ് വാഹനത്തിൽ നിന്ന് സന്തോഷ് ആശുപത്രിയിലേക്ക് എത്തുന്നത്. ഈ കേസിൽ സൗമ്യയുടെ ഭർത്താവും സഹോദരനും ഭർതൃസഹോദരനും മുൻകൂർ ജാമ്യത്തിനായി ൈഹക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇടുക്കി എ.എസ്.പി കേസിൽ വീണ്ടും അന്വേഷണം നടത്തുന്നുണ്ട്. ആശുപത്രി അധികൃതരും തങ്ങളുടെ വിശദീകരണം കേട്ടില്ലെന്നും നിരപരാധികളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നത് വലിയ മനോവേദന സൃഷ്ടിക്കുകയാണെന്നും സൗമ്യയുടെ ബന്ധുക്കളായ ബീന, സാവിത്രി എന്നിവർ പറഞ്ഞു.