ഇടുക്കി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സെപ്തംബർ 15 നകം ജില്ലയിൽ ലൈഫ് മിഷന്റെ 2000 വീടുകൾ കൂടി പൂർത്തീകരിക്കുന്നതിന് ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. ഭൂമിയുള്ള ഭവന രഹിതർ ഉൾപ്പെടുന്ന രണ്ടാംഘട്ടം, മൂന്നാംഘട്ടത്തിലെ ഭൂരഹിതരുടെ പട്ടികയിൽ നിന്ന് ഭൂമി ആർജ്ജിച്ചവർ, പട്ടികജാതി/ പട്ടികവർഗ്ഗ/ മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ അഡീഷണൽ ലിസ്റ്റിൽ ഉൾപ്പെടുന്നവർ എന്നീ വിഭാഗങ്ങളിലായാണ് ഭവനങ്ങൾ പൂർത്തീകരിക്കുന്നത്. രണ്ടാംഘട്ടത്തിൽ ഇതിനോടകം 9306 വീടുകളും മൂന്നാംഘട്ടത്തിൽ 659 വീടുകളും ഇതുവരെ പൂർത്തീകരിച്ചിട്ടുണ്ട്. അവശേഷിക്കുന്ന വീടുകൾ പൂർത്തീകരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് തലത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ, സെക്രട്ടറി, ലൈഫ് നോഡൽ ഓഫീസർ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട സമിതി പ്രതിമാസ ലക്ഷ്യം നിശ്ചയിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തുന്നതാണ്. ഓൺലൈനായി ചേർന്ന അവലോകന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ കെ. പ്രവീൺ പദ്ധതി വിശദീകരണം നടത്തി.