മൂലമറ്റം: അമിത ലാഭം നൽകാമെന്ന് പറഞ്ഞ് മൂലമറ്റത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനമായ ക്രിസ്റ്റൽ ഗ്രൂപ്പ് ജനങ്ങളിൽ നിന്ന് കൈക്കലാക്കിയത് കോടികളെന്ന് സൂചന.എന്നാൽ ഇത് സംബന്ധിച്ച് നടത്തുന്ന അന്വേഷണം നടക്കുകയാണെന്നും അന്വേഷണ പുരോഗതിയിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.മൂലമറ്റത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനമായ ക്രിസ്റ്റൽ ഗ്രൂപ്പിന് എതിരായി കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മൂലമറ്റം സ്വദേശി കഞ്ഞാർ സ്റ്റേഷനിൽ പരാതി നൽകിയത്. ക്രിസ്റ്റൽ ഗ്രൂപ്പിന്റെ മാനേജിങ്ങ് ഡയറക്ടർ അഭിജിത് എസ്.നായരും ഫിനാൻസ് മാനേജർ വി .ജി .ജയകൃഷ്ണനും ഡയറക്ടർമാരായി സുജിത്,വിനീത് എന്നിവരാണ് പ്രവർത്തിച്ചിരുന്നത്.ഫീൽഡിൽ പണപ്പിരിവ് നടത്താൻ വനിതകളെയും നിയമിച്ചിരുന്നു.മൂലമറ്റത്ത് നിന്ന് മാത്രമായി രണ്ടുകോടിയോളം രൂപ സമാഹരിച്ചതായാണ് സൂചന. പണം നഷ്ടപ്പെട്ടവരിൽ പ്രദേശത്തെ പ്രമുഖരും ഉൾപ്പെടുന്നുണ്ട്.മൂലമറ്റം കൂടാതെ ഈരാറ്റുപേട്ട,കോലഞ്ചേരി, പെരുമ്പാവൂർ, വണ്ണപ്പുറം,കോടിക്കുളം എന്നിവിടങ്ങളിലും സാമ്പത്തിക ഇടപാടുകൾ നടത്തി ആളുകളിൽ നിന്ന് പണം തട്ടിച്ചതായി ആക്ഷേപമുണ്ട്.നിക്ഷേപങ്ങൾക്ക് ഒരുലക്ഷം രൂപയ്ക്ക് മാസം 7000 മുതൽ 8000 രൂപവരെ പലിശ വാഗ്ദാനം നൽകിയിയാണ് നിക്ഷേപകരെ ആകർഷിച്ചത് .മറ്റുള്ളവരിൽ നിന്നും കുറഞ്ഞ പലിശക്ക് പണം സമാഹരിച്ച് കൂടുതൽ പലിശ വാങ്ങി ലാഭം നേടാനായി ചിലർ ഇവിടെ പണം നിക്ഷേപിച്ചതായും പറയപ്പെടുന്നു.സംസ്ഥാനത്തിന് പുറത്തും തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടപാടുകൾ നടന്നതായും പറയപ്പെടുന്നു.അഭിജിത് വി നായരുടെ വണ്ണപ്പുറത്തെ വീട്ടിൽ അന്വേഷി ച്ചെത്തിയെങ്കിലും വീട്പൂട്ടിക്കിടക്കുകയാണ്.ഇവിടെ നിന്നും ഫർണിച്ചർ ഉൾപ്പെടെ മാറ്റിയിട്ടുണ്ട്.മാനേജർ മാരായ സുജിത്, ജയകൃഷ്ണൻ എന്നിവർ മൂലമറ്റം ബ്രഞ്ചിലെ കാര്യങ്ങളായിരുന്നു നോക്കി നടത്തിയിരുന്നത്.
പലിശ കിട്ടാതെവന്നപ്പോൾ
കള്ളി പൊളിഞ്ഞു
വിനീത് തൊടുപുഴ ബ്രാഞ്ചിലെ മാനേജരായിരുന്നു. അഭിജിത് നായർ നിക്ഷേപകർക്ക് പലിശ നൽകാതായതോടെയാണ് നിക്ഷേപകരിൽ സംശയമുണ്ടായത്.മേയ് 31ന് നൽകേണ്ട പലിശ ജൂൺ ഒൻപതിനും പിന്നീട് ജൂൺ 16 നും നൽകാമെന്നു പറഞ്ഞെങ്കിലും നൽകിയില്ല.പലിശ അക്കൗണ്ടിൽ നൽകാമെന്ന് പറഞ്ഞു ബാങ്ക് അക്കൗണ്ട് നമ്പർ വാങ്ങിയെങ്കിലും ജൂൺ 27ആയിട്ടും പലിശ പോലും കിട്ടാതായതോടെ പരാതി നൽകുകയായിരുന്നു.മൂലമറ്റം സ്വദേശിയെ കൂടാതെ ജീവനക്കാരായ സജിത്തും ജയകൃഷ്ണനും കമ്പനിയുടമയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.കാഞ്ഞാർ പൊലീസ് കേസെടുത്ത് അന്വേഷണംതുടരുകയാണ്.
സ്വർണ്ണത്തിന്റെ
പേരിലും തട്ടിപ്പ്
മൂലമറ്റത്ത് സ്വർണ്ണകട ആരംഭിക്കുമെന്ന് പ്രചരിപ്പിക്കുകയും സ്വർണ്ണം വാങ്ങുന്നവർക്ക് കൂപ്പൺ നൽകുമെന്നും അതിലെ നറുക്കെടുപ്പ് വിജയികൾക്ക് നൽകാൻ സ്ഥാപനത്തിന് മുന്നിൽ ബൈക്കും പ്രദർശിപ്പിച്ചിരുന്നു. സ്ഥാപനത്തിനെതിരെ പരാതി ഉയർന്നതോടെ ബൈക്കും അപ്രത്യക്ഷമായിട്ടുണ്ട്. മൂലമറ്റത്ത് ഒരുവർഷത്തിലേറെയായി പ്രവർത്തിച്ചുവരികയായിരുന്നു ക്രിസ്റ്റൽ ഗ്രൂപ്പ്.മുൻകൂട്ടി ആസൂത്രണം ചെയ്താണ് പണം തട്ടിപ്പു നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്ഥാപനം അടച്ചുപൂട്ടുന്നതിനു മുൻപ് ഇവിടെ നിന്ന് രേഖകളും ഉപകരണങ്ങളൂം നീക്കം ചെയ്തു. തൊടുപുഴ അമ്പലം ബൈപാസിലെ പെട്രോൾ പമ്പിന് സമീപവും ഇവരുടേതായി മറ്റൊരു ഓഫീസും പ്രവർത്തിച്ചിരുന്നു.പണമിടപാട് സ്ഥാപനത്തിന് പുറമെ ക്രിസ്റ്റൽ ഗ്രൂപ്പ് സി മാർട്ട് എന്നപേരിൽ ഓൺലൈൻ ഡെലിവറി സേവനം ആരംഭിക്കുന്നതിനും പരസ്യം നൽകിയിരുന്നു.പരസ്യപ്രകാരം ഓർഡർ ചെയ്യുന്ന സാധനങ്ങൾക്ക് അൻപത് ശതമാനം വരെ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരുന്നത്. പ്രതികളെപ്പറ്റി സൂചനയുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അടുത്ത ദിവസങ്ങളിൽ കൂടുതൽ ആളുകൾ പരാതിയുമായി എത്തും എന്നാണ് പൊലീസിന്റെ നിഗമനം