മറയൂർ: യുവതിയെ മർദിച്ചെന്ന പരാതിയെത്തുടർന്ന് നാല് പേർ പിടിയിൽ. ആനക്കാൽപെട്ടി സ്വദേശി സൂര്യ (24), കൂടവയൽ സ്വദേശി ശരത്ത് (ശിവ-21), ചെറുവാട് സ്വദേശി അജിത്കുമാർ(19), മൈക്കിൾഗിരി സ്വദേശി ഭാരതിരാജ്(19) എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടുകൂടി മദ്യപിച്ചെത്തിയ നാലുപേരും ആനക്കാൽപെട്ടിയിലെ മറ്റൊരാളുടെ അടക്കം ഗോഡൗണിന്റെ ഗേറ്റ് തകർത്തു. ഈ സമയം വഴിയെ വന്ന യുവതി പൊലീസിൽ ഫോൺ ചെയ്ത് വിവരം അറിയിച്ചു എന്നാരോപിച്ച് വലിച്ചു നിലത്തിട്ട് വസ്ത്രം കീറുകയും ആക്രമിക്കുകയുമായിരുന്നു.
മറയൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സംഘമെത്തി പ്രതികളെ പിടികൂടി.

പ്രതികൾ മുൻപും ചന്ദനം കടത്ത്, കഞ്ചാവ് വിൽപന, മോഷണം, കൂട്ടം കൂടി മറ്റുള്ളവരെ ആക്രമിക്കൽ തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതികളാണെന്ന് എസ്‌.ഐ എബി പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.