നെടുങ്കണ്ടം: ഉടുമ്പൻചോല- ചിത്തിരപുരം റോഡ് നിർമാണത്തിനിടെ മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ അന്വേഷണം ഇഴയുന്നു. തടി കടത്തിയ ഡ്രൈവറെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായെന്ന് പറയുമ്പോഴും ഇയാളെ പിടികൂടാനുള്ള കാലതാമസം തുടരുകയാണ്. മൂന്നാം തവണയും നോട്ടീസ് നൽകിയിട്ടും കരാറുകാരൻ മൊഴിനൽകാൻ ഹാജരായിട്ടില്ല. ഇത് ഉദ്യോഗസ്ഥരും കള്ളക്കടത്തും മാഫിയയും ആയിട്ടുള്ള ഒത്തുകളിയാണെന്ന് വ്യാപക പ്രതിഷേധം ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. ഡ്രൈവറെ ഒളിവിൽ പാർപ്പിച്ച കേന്ദ്രത്തിനെക്കുറിച്ച് വനംവകുപ്പിന് സൂചന ലഭിച്ചതായാണ് വിവരം. കരാറുകാരൻ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം. ദേവികുളം റേഞ്ച് ആഫീസറുടെ നേതൃത്വത്തിൽ വനംവകുപ്പ് തൊണ്ടിമുതൽ കണ്ടെത്താൻ പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം യാർഡുകളിൽ മണ്ണ് നീക്കിയും വനംവകുപ്പ് പരിശോധന നടത്തിയിരുന്നു. ഡ്രൈവറെ ചോദ്യം ചെയ്താൽ മാത്രമേ തടി എങ്ങോട്ടു കടത്തി എന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കഷ്ണങ്ങളാക്കിയ മരം ടിപ്പർ ലോറിയിൽ അടിമാലിയിൽ എത്തിച്ച് ഉരുപ്പടികളാക്കിയെന്നാണ് വനംവകുപ്പിന് ലഭിച്ചിരിക്കുന്ന വിവരം. എന്നാൽ പിന്നീടിത് എങ്ങോട്ടുകൊണ്ടുപോയി എന്നത് സംബന്ധിച്ച് വിവരങ്ങളില്ല. മരക്കഷ്ണങ്ങളിൽ ചിലത് ഉടുമ്പൻചോല, നെടുങ്കണ്ടം മേഖലകളിൽ ചില വ്യക്തികളിൽ എത്തിയതായും സൂചനയുണ്ട്.

അനുമതിയുടെ മറവിൽ കൊള്ള

ഉടുമ്പൻചോല- ചെമ്മണ്ണാർ- എൻ.ആർ സിറ്റി- രാജാക്കാട്- ചിത്തിരപുരം റോഡിന്റെ നിർമാണത്തിനിടെയാണ് റോഡിന്റെ വശങ്ങളിൽ നിന്നിരുന്ന വൻമരങ്ങൾ മുറിച്ചത്. അപകടാവസ്ഥയിലുള്ള 10 മരം മുറിച്ചുമാറ്റാൻ അനുമതി തേടിയിരുന്നു. ഇതിന്റെ മറവിലാണ് വ്യാപകമായി മരം വെട്ടികടത്തിയത്. വനം വകുപ്പിന്റെ അനുമതി തേടാതെയാണ് മരങ്ങൾ മുറിച്ചത്. മുറിച്ച മരങ്ങൾ റോഡിൽ നിന്ന് ഭാഗികമായി നീക്കം ചെയ്ത നിലയിലായിരുന്നു. വനം വകുപ്പിന്റെ അനുമതിയില്ലാതെ മരങ്ങൾ മുറിച്ചതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.