തൊടുപുഴ: പട്ടികജാതി പട്ടികവർഗ ജനവിഭാഗത്തിന്റെയും മലയോര കർഷകരുടെയും കൈവശ ഭൂമിക്ക് പട്ടയം നൽകാനുള്ള സർക്കാർ ഉത്തരവ് അട്ടിമറിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഐക്യ മല അരയ മഹാസഭ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ്, ഐക്യ മല അരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ. സജീവ് എന്നിവരുടെ ഇടപെടലുകളിലൂടെയാണ് പട്ടയം നൽകുന്നതിന് 2020ൽ ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ മലയോര കർഷകരുടെയും പട്ടികജാതി പട്ടികവർഗ ജനതയുടെയും കൈവശഭൂമിക്ക് പട്ടയം എന്ന പതിറ്റാണ്ട് കാലത്തെ സ്വപ്നമാണ് സഫലമായത്. ഇത് പ്രകാരം ജില്ലയുടെ പല പഞ്ചായത്തുകളിലും നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പട്ടയം വിതരണം ചെയ്തു. തുടർ നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ട് പോകുമ്പോഴാണ് സ്വാർത്ഥ താത്പര്യക്കാർ കർഷകവിരുദ്ധ നിലപാട് സ്വീകരിച്ച് വ്യാജ പ്രചരണങ്ങളുമായി രംഗത്തെത്തിയിരി ക്കുന്നത്. ഹൈറേഞ്ചിലെ നിബിഡ വനങ്ങളിലടക്കം അനധികൃത കുടിയേറ്റങ്ങൾ നടന്നപ്പോൾ കാണാതിരുന്നവരാണ് ആദിവാസി മലയോര കർഷക മേഖലകളിൽ പട്ടയം നൽകുന്നതിനെ തകർക്കാൻ ശ്രമിക്കുന്നത്. പട്ടയം വ്യാജമെന്ന് പറഞ്ഞ് ഇത്തരക്കാർ കർഷകരുടെ ഇടയിൽ ഭീതി സൃഷ്ടിക്കുകയാണ്. വ്യാജ പ്രചാരകർക്കെതിരെ പ്രതിരോധനടപടികളുമായി മൂന്നോട്ട് പോകാനാണ് ഐക്യമല അരയ മഹാസഭയുടെ തീരുമാനം. സഭയും പട്ടയാവകാശ സമര സമിതിയും സംസ്ഥാന സർക്കാരിന് പിന്തുണയും ഉദ്യോഗസ്ഥർക്ക് സംരക്ഷണവും നൽകും. കർഷകർ നട്ടുവളർത്തിയ മരം മുറിക്കുന്നതിന് പൂർണമായ അധികാരം കർഷകർക്കാണുള്ളതെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ, ഇ.കെ. രാജപ്പൻ, സിന്ദു പുഷ്പരാജൻ, സി.ആർ. രാജീവ്, എൻ.ടി. ഗോപൻ എന്നിവർ പങ്കെടുത്തു.