തൊടുപുഴ:കോവിഡ്കാലധനസഹായംനൽകാതെ കേരളത്തിലെ ചുമട്ടുതൊഴിലാളികളെ വഞ്ചിച്ചുകൊണ്ട് അനീതി കാണിച്ച ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിന്റെ നടപടിക്കെതിരെ കേരള സംസ്ഥാന ചുമട്ടു തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി )പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ. പി. ഉസ്മാൻ അറിയിച്ചു. തൊഴിലാളികൾക്ക് കൊവിഡ്കാല ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, ക്ഷേമബോർഡ് ഗ്രാന്റ് ആയി 5000 രൂപയും അഡ്വാൻസ്സായി 15000രൂപയുംനൽകുക, വ്യവസായ തൊഴിലാളികളായി അംഗീകരിക്കുകയും ഇഎസ്‌ഐ നടപ്പിലാക്കുകയും ചെയ്യുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ചുമട്ടു തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽഇന്ന് രാവിലെ ക്ഷേമബോർഡ് ഓഫീസുകളുടെ പടിക്കൽ രാവിലെ 10 30 ന് ധർണ നടത്തും. വിവിധ ആഫീസ് പടിക്കൽ നടക്കുന്ന ധർണാ സമരം മൂന്നാറിൽ എ. കെ. മണി, അടിമാലിയിൽ പി. വി. സ്‌കറിയ, തൊടുപുഴയിൽ കെ. പി. റോയ് , ചെറുതോണിയിൽ പി. ഡി. ജോസഫ്, കട്ടപ്പനയിൽ തോമസ് രാജൻ. കുമളിയിൽ അഡ്വ. സിറിയക് തോമസ് തുടങ്ങിയവർ ഉദ്ഘാടനം ചെയ്യും.