കട്ടപ്പന : വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം സുഗമമാക്കുന്നതിന് നെറ്റ്വർക്ക് തകരാറുകൾ പരിഹരിക്കുന്നതിനായി കൂടുതൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിന് നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായും ഉൾഗ്രാമപ്രദേശങ്ങളിൽ ടവർ സ്ഥാപിക്കുന്നതിനായി സ്ഥലം അനുവദിക്കുന്നതിനും നിലവിലുള്ള ടവറുകൾ ഇതര കമ്പനികൾക്ക് കൂടി ഷെയർ ചെയ്യുന്നതിനും നിലനിന്നിരുന്ന തടസ്സങ്ങൾ നീക്കിയതായും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളായി ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും, മൊബൈൽ സേവന ദാതാക്കളുടേയും യോഗം വിളിച്ചുചേർക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ഏതാനും സ്ഥലങ്ങളിൽ പുതിയ ടവറുകൾ സ്ഥാപിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും ജില്ലയിലെ മുഴുവൻ മേഖലകളിലും നെറ്റ് വർക്ക് ലഭ്യമാകത്തക്കവിധം നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.