തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ യു.ഡി.എഫിന്റെ പരാജയത്തിൽ വിമർശനവുമായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ പ്രമേയം. കാലേക്കൂട്ടിയുള്ള തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ സംഘടിപ്പിക്കാതിരുന്നതിന്റെ ഫലമായാണ് പരാജയമെന്ന് യോഗം വിലയിരുത്തി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷമാണ് ജില്ലയിൽ യു.ഡി.എഫ് പ്രവർത്തനങ്ങൾക്കുള്ള ചർച്ചകൾ പോലും ആരംഭിച്ചത്. വിവിധ സമുദായങ്ങൾക്കിടയിലുണ്ടായ യു.ഡി.എഫുമായി ബന്ധപ്പെട്ട അനാരോഗ്യ ചർച്ചകളും മറ്റും ഗൗരവമായി വീക്ഷിക്കുന്നതിലും പരിഹരിക്കുന്നതിലും നേതൃത്വത്തിന് വീഴ്ചയുണ്ടായി. സർക്കാരിന്റെ ദുഷ്‌ചെയ്തികളെ ജനം കാണാതെ പോയതു കൊണ്ടല്ല, വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ യു.ഡി.എഫ് ആശയഗതി സംബന്ധിച്ച അവ്യക്തത നിലനിന്നതു കൊണ്ടാണെന്നും പ്രമേയത്തിൽ വിമർശിക്കുന്നു. പരാജയം ഗൗരവമായി ഉൾക്കൊണ്ട് ക്രിയാത്മക പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ ശക്തമായ തുടർപ്രവർത്തനങ്ങൾ നടത്തുമെന്നും മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി രാഷ്ട്രീയ പ്രമേയത്തിലൂടെ വിശദീകരിച്ചു. സംഘടനാ കാര്യങ്ങളിലുള്ള ജില്ലയിലെ പാർട്ടി പ്രവർത്തകരുടെ അഭിപ്രായങ്ങൾ അടുത്ത മാസം നടക്കുന്ന സംസ്ഥാന ലീഗ് നേതൃയോഗത്തിൽ റിപ്പോർട്ട് ചെയ്യുമെന്ന് പ്രമേയം വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം.എ ഷുക്കൂർ, ജില്ലാ ജനറൽ സെക്രട്ടറി പി.എം. അബ്ബാസ്, ട്രഷറർ കെ.എസ്. സിയാദ് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.