മുട്ടം: തോട്ടുങ്കര കാക്കോമ്പിൽ ഊളാനിയില്‍ (കപ്പയില്‍) സരോജിനി(75)യെ തീ വെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുട്ടം പൊലീസ് അറസ്റ്റ് ചെയ്ത വെള്ളത്തൂവൽ ശല്യംപറ വരകിൽ സുനിൽ കുമാറിനെ (52) തെളിവെടുപ്പിന് പൊലീസ് കസ്റ്റഡിയിൽ വിട്ട് നൽകി.കഴിഞ്ഞ 23 ന് അറസ്റ്റ് ചെയ്ത സുനിൽ കുമാറിനെ കോവിഡ് നിരീക്ഷണത്തിനായി പീരുമേഡ് സബ് ജയിലിലാണ് പാർപ്പിച്ചിരുന്നത്. കൊവിഡ് പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്ന് ഇന്നലെ മുട്ടം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു.ഇതേ തുടർന്ന് രണ്ട് ദിവസത്തെ തെളിവെടുപ്പിന് വേണ്ടി കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ട് കൊടുത്തു. സുനിൽ കുമാർ സരോജിനിയെ കൊലപ്പെടുത്താൻ പെട്രോൾ വാങ്ങിയ മുവാറ്റുപുഴയിലുള്ള പമ്പിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയതിന് ശേഷം പിന്നീട് മുട്ടം ജില്ലാ ജയിലിലേക്ക് മാറ്റി. മുട്ടം സി ഐ വി ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് തെളിവെടുപ്പ് നടത്തിയത്.